'പണം മോഷണം പോയി, ഉറങ്ങുന്നത് തെരുവില്‍, ഇനി ഞാന്‍ എന്ത് ചെയ്യും'; കണ്ണീരോടെ മുംബൈയിലെ ഇതരസംസ്ഥാന തൊഴിലാളി

By Web TeamFirst Published Mar 27, 2020, 7:26 PM IST
Highlights

''അവരെന്റെ പണവും പാസ്‌പോര്‍ട്ടും മോഷ്ടിച്ചു. എല്ലാം ആ ബാഗിലായിരുന്നു. അതില്‍ 10 - 15 ബിസ്‌കറ്റുകളും ഉണ്ടായിരുന്നു. അവരെന്റെ ബാഗ് മോഷ്ടിച്ചു. ''
 

മുംബൈ: രാജ്യം മുവുവന്‍ 21 ദിവസത്തെ ലോക്ക് ഡൗണിലാണ്. റോഡ്, റെയില്‍ വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏറെ ദുരിതമനുഭവിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ ദുരിതങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഓരോന്നായി പുറത്തുവരുന്നുണ്ട്. 

ദില്ലിയില്‍ നിന്നും ബിഹാറില്‍ നിന്നുമെത്തിയ ഇതര സംസ്ഥാന തൊഴിലാളികളികളെ മുംബൈയിലെ റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങിയ നിലയില്‍  കണ്ടെത്തുമ്‌പോള്‍ അവരുടെ പണമെല്ലാം നഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ പണം മോഷണം പോയെന്നും യാത്ര തുടരാന്‍ സര്‍ക്കാര്‍ സംവിധാനത്തിനായി കാത്തിരിക്കുകയാണെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. 

''അവരെന്റെ പണവും പാസ്‌പോര്‍ട്ടും മോഷ്ടിച്ചു. എല്ലാം ആ ബാഗിലായിരുന്നു. അതില്‍ 10 - 15 ബിസ്‌കറ്റുകളും ഉണ്ടായിരുന്നു. അവരെന്റെ ബാഗ് മോഷ്ടിച്ചു. '' - ഒരു കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്‍സാരി പറഞ്ഞു. 

''എന്റെ കയ്യില്‍ എന്റെ ആധാറും പാന്‍കാര്‍ഡും മാത്രമേ ഉള്ളൂ. ബാക്കി എല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ തെരുവിലാണ് ഉറങ്ങുന്നത്. ആര്‍ക്കെങ്കിലും സഹതാപം തോന്നി ഭക്ഷണം കൊണ്ടുതന്നാല്‍ അത് കഴിക്കുന്നു. ഞങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.'' - അയാള്‍ പറഞ്ഞു. 

ഇന്ത്യയിലുടനീളം 700 ലേറെ പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ മാത്രം 130 കേസുകളാണ് റിപ്പോര്‍ട്ട് ടെയ്തിരിക്കുന്നത്. 

click me!