മൺസൂൺ മഴ കുറയും? വില്ലനായി 'എൽ നിനോ'

By Web TeamFirst Published Apr 4, 2019, 11:42 AM IST
Highlights

രണ്ടാഴ്‌ചക്കുള്ളിൽ ഈ വർഷത്തെ മൺസൂൺ മഴയെ കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിടും

പൂനെ: രണ്ടാഴ്‌ചക്കുള്ളിൽ ഈ വർഷത്തെ മൺസൂൺ മഴയെ കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മൺസൂണിന്റെ കാര്യത്തിൽ ഒട്ടും സന്തോഷകരമല്ലാത്ത വാർത്തയാണ് പുറത്തുവരുന്നത്. കൊടും വേനലിൽ വെന്തുരുകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ മൺസൂൺ കാലത്തും ആവശ്യത്തിന് മഴ ലഭിച്ചേക്കില്ലെന്നതാണ് ഏറെ ഞെട്ടലുണ്ടാക്കുന്നത്.

കാലാവസ്ഥാ ഏജൻസികൾ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം "എൽ നിനോ" യാണ് മൺസൂൺ മഴയ്ക്ക് വില്ലനാവുന്നത്. ഇപ്പോൾ പസഫിക് സമുദ്രത്തിന് മുകളിലുള്ള എൽ നിനോയ്ക്ക് ഇപ്പോഴെങ്ങും അവിടം വിട്ട് പോകാൻ താത്പര്യമില്ലെന്നാണ് വിലയിരുത്തൽ. മൺസൂൺ കാലവും കഴിഞ്ഞ് ഈ വർഷം അവസാനം വരെ എൽ നിനോ പസഫിക് സമുദ്രത്തിന് മുകളിൽ തന്നെ കാണും. അങ്ങിനെയെങ്കിൽ മൺസൂൺ മഴയുടെ കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും വേണ്ട.

സമുദ്രോപരിതലത്തിലെ താപനില ശരാശരിക്ക് മുകളിലാണ്. മെയ് വരെ എൽ നിനോ പസഫിക് സമുദ്രത്തിൽ വടക്കൻ അർദ്ധഗോളത്തിൽ തന്നെയുണ്ടാകുമെന്നാണ് 80 ശതമാനം വിലയിരുത്തൽ. സെപ്തംബർ വരെ ഇവിടം വിട്ട് പോകില്ലെന്ന് 60 ശതമാനം വിലയിരുത്തുന്നുണ്ട്. അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫറിക് അഡ്‌മിനിസ്ട്രേഷനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഭൂമധ്യരേഖാ പ്രദേശത്ത് ചൂട് വർദ്ധിപ്പിക്കുന്ന എൽ നിനോ കാലത്ത്, പടിഞ്ഞാറോട്ട് വീശുന്ന കാറ്റ് നിലയ്ക്കുകയോ ദുർബലമാവുകയോ ചെയ്യും. ഇതാണ് മഴ കുറയാൻ കാരണമായി പറയുന്നത്. ശക്തമായ കാറ്റ് വീശിയില്ലെങ്കിൽ മൺസൂൺ മഴ പെയ്യില്ല.

മാർച്ചിലെ പ്രവചനത്തിന് സമാനമാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഫെബ്രുവരിയിലെ റിപ്പോർട്ടിനെക്കാൾ ശക്തമാണിത്. ഏപ്രിൽ മാസത്തിന്റെ മധ്യത്തോടെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആദ്യ റിപ്പോർട്ട് പുറത്തുവിടുന്നത്.

click me!