
ന്യൂഡൽഹി: ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി സുരക്ഷിതത്വവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികളിൽ നിർണ്ണായകമായ പുതിയ മാറ്റങ്ങൾ പുറത്തുവന്നു. കമ്മീഷന് മുന്നിൽ നിർദ്ദേശങ്ങളും ആവശ്യങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിനൽകിയിരിക്കുകയാണ്. വിവിധ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ യൂണിയനുകൾക്കും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുന്നിൽ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിനായി ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.
പുതിയ ഉത്തരവ് പ്രകാരം തങ്ങളുടെ മെമ്മോറാണ്ടം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 വരെയാണ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. ഇത് അന്തിമ സമയപരിധിയാണെന്നും ഇതിന് ശേഷം ഇനി ഒരു തരത്തിലും സമയം നീട്ടിനൽകില്ലെന്നും കമ്മീഷൻ പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ '8cpc.gov.in' വഴി മാത്രമേ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹാർഡ് കോപ്പികളോ ഇമെയിലുകളോ പിഡിഎഫ് ഫയലുകളോ യാതൊരു കാരണവശാലും പരിഗണിക്കുകയില്ലെന്നും അധികൃതർ അറിയിച്ചു. മുൻപ് മെയ് 31 വരെ നീട്ടിയിരുന്ന സമയപരിധിയാണ് ഇപ്പോൾ ജൂൺ പകുതി വരെ വീണ്ടും നീട്ടിയിരിക്കുന്നത്.
നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻ അസോസിയേഷനുകളുമായും കമ്മീഷൻ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവയെക്കുറിച്ചുള്ള ജീവനക്കാരുടെ കൃത്യമായ അഭിപ്രായങ്ങൾ ശേഖരിച്ചുവരികയാണ്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത വർഷം (2027) പകുതിയോടെ കമ്മീഷന്‍റെ അന്തിമ റിപ്പോർട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ ശമ്പള നിരക്കുകൾക്ക് ഈ വർഷം ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം ഉണ്ടാകുമെന്നതിനാൽ, കമ്മീഷൻ നടപടികൾ വൈകുന്നത് ജീവനക്കാരുടെ ശമ്പള കുടിശ്ശിക വർദ്ധിക്കുന്നതിനും കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക ബാധ്യത ഉയരുന്നതിനും കാരണമാകും. അതിനാൽ തന്നെ വരും മാസങ്ങളിലെ കമ്മീഷന്‍റെ ഓരോ നീക്കങ്ങളും കേന്ദ്ര സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.
2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നാണ് ആവശ്യം. നിലവിൽ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്താൻ ശുപാർശ വന്നിട്ടുണ്ട്. ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, വാർഷിക ശമ്പള വർദ്ധനവ് നിലവിലെ നിരക്കിൽ നിന്നും ആറ് ശതമാനമായി ഉയർത്തണമെന്നും ആവശ്യമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam