ലോക്ക്ഡൗണ്‍ ചര്‍ച്ചയാകും; കൊവിഡ് സ്ഥിതി വിലയിരുത്താന്‍ ഇന്ന് മന്ത്രിതല സമിതി

By Web TeamFirst Published Apr 7, 2020, 6:41 AM IST
Highlights

രാജ്യത്ത് കൊവിഡ് മരണം 111 ആയി. 4281 പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്.
 

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്. എന്നാല്‍, ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് മരണം 111 ആയി. 4281 പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. 704 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കായി. രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ദില്ലി ക്യാന്‍സര്‍ സെന്ററിലെ 2 ഡോക്ടര്‍മാര്‍ക്കം 16 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്. മുംബൈ നലാസപോരയിലെ ഗര്‍ഭിണിയായ യുവതിയാണ് തിങ്കളാഴ്ച മരിച്ചത്. 

മഹാരാഷ്ട്രയില്‍ പുതുതായി 120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിവരമനുസരിച്ച് 748 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ താക്കറെ കുടുംബ വീടിന് അടുത്തുള്ള ചായ വില്‍പനക്കാരനും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്. തെലങ്കാനയില്‍ 321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 172 പേരും തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 25000 പേര്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണ്. മധ്യപ്രദേശില്‍ 63 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 256 ആയി. മഹാരാഷ്ട്രയാണ് കൊവിഡ് ബാധിതരില്‍ മുന്നില്‍(748). തമിഴ്നാട്(571), ദില്ലി(523), തെലങ്കാന(321) എന്നിവരാണ് പിന്നില്‍.
 

click me!