തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യത്തെ മെഡിക്കൽ കോളേജുകളുമായി നടത്തിയ ചർച്ചയിലുയർന്ന നിർദേശങ്ങൾ വിവാദമാകുന്നു. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതുന്ന നീക്കങ്ങളാണ് മെഡിക്കൽ വിദ്യാർത്ഥികളുടെ പുതിയ ബാച്ച് മുതൽ നടപ്പാക്കേണ്ടതെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്.
ഹിപ്പോക്രാറ്റിക് ഓത്ത് എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നതാണ് അതിലൊന്ന്. മെഡിക്കൽ വിദ്യാർത്ഥികൾ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എടുക്കുന്ന പ്രതിജ്ഞയാണിത്. അതിന് പകരം മഹർഷി ചരകന്‍റെ പേരിലുള്ള ശപഥമെടുക്കണം (മഹർഷി ചരക് ശപഥ്). യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിക്കുന്നു.
അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് പ്രസിഡന്‍റ് ഡോ. അരുണ വി വാണികറുടെ നേതൃത്വത്തിലാണ് ഫെബ്രുവരി ഏഴിന് വൈകിട്ട് 3 മണിക്ക് ഓൺലൈനായി യോഗം നടന്നത്. പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായാണ് അറിയപ്പെടുന്നത്. രോഗകാരണങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ എതിർത്ത ആദ്യകാലവ്യക്തികളിലൊരാളായിരുന്നു ഹിപ്പോക്രാറ്റസ്. അതിനാലാണ് ഹിപ്പോക്രാറ്റസിന്‍റെ പേരിലുള്ള പ്രതിജ്ഞ മെഡിക്കൽ വിദ്യാർത്ഥികൾ സ്വീകരിക്കുന്നത്. പഴയ കാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയല്ല, പകരം ലോകമെഡിക്കൽ അസോസിയേഷൻ 1948 സെപ്റ്റംബറിൽ സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ ചേർന്ന ജനറൽ അസംബ്ലിയിൽ അംഗീകരിച്ച ആധുനിക പ്രതിജ്ഞയാണ് ഇപ്പോൾ ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലുന്നത്.
അതിങ്ങനെയാണ്:
മെഡിക്കൽ പ്രൊഫഷനിലെ ഒരംഗമെന്ന നിലയിൽ ഞാൻ:
മനുഷ്യസമൂഹത്തിന്‍റെ സേവനത്തിനായി എന്‍റെ ജീവിതം ഉഴിഞ്ഞുവയ്ക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു,
എന്‍റെ രോഗിയുടെ ആരോഗ്യവും സൗഖ്യവുമായിരിക്കും എന്‍റെ ആദ്യപരിഗണന,
എന്‍റെ രോഗിയുടെ അന്തസ്സും സ്വന്തം തീരുമാനങ്ങളും ഞാൻ മാനിക്കും,
മനുഷ്യജീവന് ഞാൻ ഏറ്റവുമുയർന്ന വില കൽപിക്കും,
പ്രായം, രോഗം, ശാരീരികവൈകല്യം, ജാതി, മത, വംശ, ലിംഗ, ദേശ, രാഷ്ട്രീയ, ലൈംഗിക താത്പര്യങ്ങളോ, സമൂഹത്തിലെ ഉന്നതിയോ താഴ്ചയോ മറ്റേതൊരു ഘടകമോ രോഗിയോടുള്ള എന്‍റെ കടമ നിർവഹിക്കുന്നതിനെ സ്വാധീനിക്കില്ല,
രോഗി മരിച്ചതിന് ശേഷവും എന്നിൽ വിശ്വസിക്കപ്പെട്ട് ഏൽപിച്ച രഹസ്യങ്ങളെ ഞാൻ മാനിക്കും,
എല്ലാ മനസ്സാന്നിധ്യത്തോടും, അന്തസ്സോടും, മികച്ച ചികിത്സ തന്നെ ഞാൻ നൽകും,
ഈ ജോലിയുടെ എല്ലാ പാരമ്പര്യങ്ങളെയും ഞാൻ മാനിക്കും, പരിപോഷിപ്പിക്കും,
എന്‍റെ അധ്യാപകരോടും സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും നന്ദിയോടും ബഹുമാനത്തോടും മാത്രം പെരുമാറും,
രോഗിയുടെ ഉന്നമനത്തിനും ആരോഗ്യരംഗത്തിന്‍റെ വളർച്ചയ്ക്കും ഞാനെന്‍റെ മെഡിക്കൽ അറിവ് പങ്ക് വയ്ക്കും,
എന്‍റെ ആരോഗ്യം, സൗഖ്യം എന്നിവയെല്ലാം ഏറ്റവും നല്ല കരുതൽ രോഗികൾക്ക് നൽകാനായി ഞാൻ കാക്കും,
ഭീഷണി നേരിട്ടാൽപ്പോലും മനുഷ്യാവകാശങ്ങളെയോ പൗരാവകാശങ്ങളെയോ ഹനിക്കുന്ന തരത്തിൽ ഒരിക്കലും ഞാനെന്‍റെ മെഡിക്കൽ അറിവുകൾ ഉപയോഗിക്കില്ല,
ഈ പ്രതിജ്ഞകൾ ഞാൻ സ്വമേധയാ, സ്വതന്ത്രമനസ്സോടെയും, എല്ലാ അന്തസ്സോടെയും സ്വീകരിക്കുന്നു.
ഈ ശപഥത്തിന് പകരം പ്രാചീന ഇന്ത്യയിലെ ഭിഷഗ്വരനായിരുന്ന ചരകന്‍റെ പേരിലുള്ള ശപഥം സ്വീകരിക്കാമെന്നാണ് ദേശീയ മെഡിക്കൽ കൗൺസിലിന്‍റെ നിർദേശം. ഇത് എൻഎംസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിങ്ങനെയാണ്:
ഇൻഡക്ഷൻ കാലത്ത്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് പത്ത് ദിവസം രാവിലെ വെറും വയറ്റിൽ യോഗ പരിശീലനം നൽകണം. ജൂൺ 21 യോഗാദിനത്തിൽ യോഗ ചെയ്യിക്കണം. യോഗ പരിശീലനം ഒരു യോഗ ടീച്ചറുടെ നേതൃത്വത്തിലാകണം. യോഗ ഓറിയന്‍റേഷൻ 1 ആഴ്ച. ഫൗണ്ടേഷൻ കോഴ്സ് ആറ് മാസം മുതൽ 1 വർഷം വരെയാകാം. അവധി ദിവസങ്ങളിലോ, ക്ലാസ് മണിക്കൂറുകൾക്ക് ശേഷമോ, ഞായറാഴ്ചകളിലോ കോഴ്സ് നടത്താം എന്നും നിർദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam