സ്വന്തം മിസൈല്‍ ആക്രമണത്തില്‍ യുദ്ധവിമാനം തകര്‍ന്ന് സൈനികര്‍ മരിച്ച സംഭവം: നടപടിയുമായി വ്യോമസേന

By Web TeamFirst Published May 21, 2019, 5:51 PM IST
Highlights

മിസൈല്‍ തൊടുത്തതിലെ അപാകതയാണ് വ്യോമസേനയുടെ എംഐ-17 യുദ്ധവിമാനം തകര്‍ന്ന് സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി: ഫെബ്രുവരി 27ന് ജമ്മു കശ്മീരിലെ നൗഷേറ സെക്ടറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്ടര്‍ സ്വന്തം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന് ആറ് സൈനികര്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഇന്ത്യന്‍ എയര്‍ഫോഴ്സ്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫിസര്‍ കമാന്‍ഡിങ്ങിനെ നീക്കി. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് 20 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും സൂചനയുണ്ട്.

മിസൈല്‍ തൊടുത്തതിലെ അപാകതയാണ് വ്യോമസേനയുടെ എംഐ-17 കോപ്ടര്‍ തകര്‍ന്ന് സൈനികര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ തൊടുക്കാന്‍ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തേക്കും.

ഫെബ്രുവരി 27ന് ശ്രീനഗര്‍ എയര്‍ബേസില്‍നിന്ന് വിക്ഷേപിച്ച ഇസ്രയേല്‍ നിര്‍മിത മിസൈല്‍ സ്പൈഡര്‍ ആക്രമണത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിക്ഷേപിച്ച് വെറും 12 സെക്കന്‍റിനുള്ളിലാണ് മിസൈല്‍ യുദ്ധവിമാനം തകര്‍ത്തത്. മിസൈല്‍ തൊടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു സൂചനയുമില്ലായിരുന്നുവെന്ന് എയര്‍ഫോഴ്സ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. മിസൈലിന്‍റെ ആക്രമണ പരിധിക്കുള്ളിലാണ് യുദ്ധവിമാനമെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 

ഫെബ്രുവരി 27ന് രാവിലെ 10നും 10.30നും ഇടയില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ചെറുക്കുന്നതിനായി ഇന്ത്യന്‍വ്യോമസേനയുടെ എട്ട് യുദ്ധവിമാനങ്ങളാണ് സജ്ജമാക്കിയത്. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ വേണ്ടിയാണ് 'സ്പൈഡര്‍' മിസൈല്‍ തൊടുത്തത്. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയെ ലക്ഷ്യമാക്കിയ സമയം തന്നെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടറും താഴ്ന്ന് പറന്നതെന്നും പറയുന്നു. തുടര്‍ന്ന് പാക് യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ച് മിസൈല്‍ തൊടുക്കുകയായിരുന്നു. സ്വന്തം വിമാനമാണെന്ന് വ്യക്തമാക്കുന്ന അടയാളം വിമാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും മിസൈല്‍ തൊടുക്കുന്നതിന് വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരോപണമുണ്ട്.

എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് കോടതി അന്വേഷണം നടക്കുമെന്ന വാര്‍ത്തകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ തള്ളി. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ സൈനിക നടപടികള്‍ ശക്തമായ സമയത്തായിരുന്നു സ്വന്തം മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്ക് കനത്ത നഷ്ടം സംഭവിച്ചത്. 

click me!