കാണാതായ അങ്കിതയുടെ മൃതദേഹം കണ്ടെത്തി, കനാലിൽ തള്ളിയിട്ട് കൊന്നതെന്ന് സമ്മതിച്ച് ബിജെപി നേതാവിന്റെ മകൻ

By Web TeamFirst Published Sep 24, 2022, 10:26 AM IST
Highlights

പ്രതികളുടെ ലൈം​ഗിക താല്പര്യത്തിന് അങ്കിത വഴങ്ങാത്തതിന് കനാലിൽ തള്ളിയിട്ട് കൊല്ലുകയായിരുന്നു...

ഡെറാഡൂൺ : ഉത്തരാഖണ്ഡ‍ിലെ ബിജെപി നേതാവിന്റെ മകന്റെ അറസ്റ്റിലേക്ക് നയിച്ച കൊലപാതകത്തിൽ 19 കാരി റിസപ്ഷനിസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത് ചില്ലയിലെ പവര്‍ ഹൗസിന് സമീപം. മുൻ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടസ്ഥയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു 19 കാരിയായ അങ്കിത ഭണ്ഡാരി. വെള്ളിയാഴ്ച പുൽകിത് അടക്കം മൂന്ന് പേരെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലപാതകം ചെയ്തതായി പുൽകിത് സമ്മതിച്ചു. 

വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് ഇവര്‍ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളുടെ ലൈം​ഗിക താല്പര്യത്തിന് അങ്കിത വഴങ്ങാഞ്ഞതാണ് വാക്കുതർക്കത്തിനിടയാക്കിയത്. ഇതോടെ മൃതദേഹം കണ്ടെത്താനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സഹായത്തോടെയാണ് മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തിയത്. ഒടുവിൽ മൃതദേഹം ചില്ലയിലെ പമ്പ് ഹൗസിന് സമീപം കണ്ടെത്തുകയായിരുന്നു. അതേസമയം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിഐജിയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേസ് അന്വേഷിക്കും. 

എന്താണ് അങ്കിത കൊലപാതക കേസ് ?

ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ അങ്കിതയെ അഞ്ച് ദിവസമായി കാണാതായതോടെയാണ്  പുൽകിത് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുന്നത്. അങ്കിതയെ കാണാനില്ലെന്ന്  സെപ്റ്റംബര്‍ 18-നാണ് കുടുംബം പൊലീസിൽ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോയിരുന്നു. 

അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പ്രതികളില്‍ ഒരാള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. . 

റിസോർട്ടിലെത്തുന്ന അതിഥികൾക്കായും തനിക്ക് വേണ്ടിയും വഴങ്ങണമെന്ന് പുൽകിത് അങ്കിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അങ്കിത തയ്യാറായില്ല. നിരന്തരം ഇതേ കാര്യം ആവശ്യപ്പെട്ടതോടെ അങ്കിത വിവരം മറ്റ് ജീവനക്കാരെ അറിയിച്ചു. ഇതും പ്രതികൾക്ക് വൈരാ​ഗ്യം വർധിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യപിച്ചിരുന്നു. പ്രശ്നം പറഞ്ഞുതീർക്കാനെന്ന വ്യാജേനയാണ് പ്രതികൾ അങ്കിതയെ റിസോർട്ടിൽ നിന്ന് കനാലിനടുത്ത് എത്തിച്ചത്. കൃത്യം നടന്ന ശേഷം പ്രതികൾ റിസോർട്ടിലേക്ക് മടങ്ങി. അന്നു തന്നെ മൂവരും ഹരിദ്വാറിലേക്ക് പോയി. അവിടെ നിന്ന് റിസോർട്ടിൽ വിളിച്ച് അങ്കിതയെ അന്വേഷിച്ചു. ഇത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അലീബി ഉണ്ടാക്കാനായിരുന്നെന്നും പൊലീസ് പറഞ്ഞു. അങ്കിതയെ കാണാനില്ലെന്ന് ജീവനക്കാർ പറഞ്ഞതിനെത്തുടർന്ന് പുൽകിത് നേരിട്ട് പൊലീസിനെ വിളിച്ച് പരാതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. 

Read More : അങ്കിത ഭണ്ഡാരി കേസ്; ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർ പ്രതികൾ, കൊല ഇം​ഗിതത്തിന് വഴങ്ങാഞ്ഞ്

click me!