21 എംഎൽഎമാർ വിളിക്കാറുണ്ട്; തൃണമൂലിനെ കുഴപ്പത്തിലാക്കി വീണ്ടും ബിജെപി നേതാവിന്റെ പ്രഖ്യാപനം, പരിഹാസം

By Web TeamFirst Published Sep 24, 2022, 5:02 PM IST
Highlights

 "21 തൃണമൂൽ എംഎൽഎമാർ എന്നോട് ബന്ധം പുലർത്തുന്നുണ്ട്. ഇത് ഞാൻ നേരത്തെ പറ‍ഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. ശരിയായ സമയത്തിനായി കാത്തിരിക്കൂ." മിഥുൻ ചക്രവർത്തി പറഞ്ഞു. 
 

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ തയ്യാറായി നിൽക്കുകയാണെന്ന അവകാശവാദം ആവർത്തിച്ച് നേതാവും നടനുമായ മിഥുൻ ചക്രവർത്തി. 21 എംഎൽഎമാർ തന്നോട് നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. "21 തൃണമൂൽ എംഎൽഎമാർ എന്നോട് ബന്ധം പുലർത്തുന്നുണ്ട്. ഇത് ഞാൻ നേരത്തെ പറ‍ഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. ശരിയായ സമയത്തിനായി കാത്തിരിക്കൂ". മിഥുൻ ചക്രവർത്തി പറഞ്ഞു. 

തൃണമൂൽ എംഎൽഎമാരെ സ്വീകരിക്കുന്നതിൽ ബിജെപിക്കുള്ളിൽ നിയന്ത്രണങ്ങളുണ്ടെന്നും മിഥുൻ ചക്രവർത്തി പറഞ്ഞു. "പാർട്ടിക്കുള്ളിൽ നിയന്ത്രണങ്ങളുണ്ടെന്ന് എനിക്കറിയാം. 'ചീഞ്ഞ ഉരുളക്കിഴങ്ങുകൾ' സ്വീകരിക്കരുതെന്ന് നിരവധി പേർ പറയുന്നുണ്ട്. തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്". അദ്ദേഹം കൂട്ടിച്ചേർത്തു. 

ദുർ​ഗാ പൂജയ്ക്ക് മുന്നോടിയായി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി‌യ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിഥുൻ ചക്രവർത്തി. ബിജെപിയിലേക്ക് വരാൻ തയ്യാറുള്ള എംഎൽഎമാരുടെ എണ്ണം വർധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു 21 എന്ന മറുപടി. 'ശരിയായ സംഖ്യ ഞാൻ പറ‌യില്ല, എന്തായാലും 21ൽ കുറയില്ല, അക്കാര്യം ഞാൻ ഉറപ്പിച്ച് പറയാം' എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. 

 കേന്ദ്രഏജൻസികളെ മോദി സർക്കാർ ദുരുപയോ​ഗം ചെയ്യുകയാണെന്ന പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണത്തിനെതിരെയും മിഥുൻ ചക്രവർത്തി പ്രതികരിച്ചു. "എനിക്ക് തോന്നുന്നത് അവർ പറയുന്നത് ശരിയാണെന്നാണ്. പ്രധാനമന്ത്രിയല്ല അത് ചെയ്യുന്നത്, തീരുമാനം കോടതിയുടേതാണ്. ഞങ്ങളെന്ത് ചെയ്യാനാണ്? മമതാ ബാനർജി തന്നെയാണ് വിശദീകരിക്കേണ്ടത് ബിജെപി ബം​ഗാൾ ഘടകം നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന്. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ വീട്ടിൽ പോയി സുഖമായി ഉറങ്ങൂ. ഒന്നും സംഭവിക്കില്ല. പക്ഷേ, നിങ്ങൾക്കെതിരായി എന്തെങ്കിലും തെളിവുണ്ടെങ്കിൽ പ്രധാനമന്ത്രിയല്ല രാഷ്ട്രപതി വിചാരിച്ചാലും നിങ്ങളെ രക്ഷിക്കാനാവില്ല". മിഥുൻ ചക്രവർത്തി പരിഹസിച്ചു. 

Read Also: എതിരാളികളാണ് പക്ഷേ ശത്രുക്കളല്ല; രാഷ്ട്രീയപാർട്ടികൾ ശൈലി മാറ്റണമെന്ന് വെങ്കയ്യ നായിഡു, മോദിക്ക് പ്രശംസ
 


 

tags
click me!