
ഹാസന്‍: കൊറിയര്‍ പൊട്ടിത്തെറിച്ച് ഏജന്‍സ് ഉടമയ്ക്ക് പരിക്ക്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കൊറിയര്‍ ചെയ്യാനായി എത്തിച്ച മിക്സര്‍ ഗ്രൈന്‍ഡറാണ് തിങ്കളാഴ്ച രാത്രി പൊട്ടിത്തെറിച്ചത്. കൊറിയര്‍ ഓഫീസ് ഉടമയ്ക്കാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റിരിക്കുന്നത്. ഡിറ്റിഡിസിയുടെ കെ ആര്‍ പുരത്തെ കൊറിയര്‍ ഓഫീസില്‍ വച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കൊറിയര്‍ ഓഫീസ് ഉടമയായ ശശിക്കാണ് പരിക്കേറ്റതെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊറിയര്‍ ഓഫീസിലെത്തിച്ച മിക്സി തനിയെ പൊട്ടിത്തെറിച്ചതാണോ അതോ മിക്സി പ്ലഗ് ഇന്‍ ചെയ്തതോടെ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഹാസന്‍ പൊലീസ് സൂപ്രണ്ട് ഹരിരാം ശങ്കര്‍ വിശദമാക്കി. പൊലീസ് വിശദമാക്കിയതനുസരിച്ച് കൈകളിലും ശരീരത്തിലെ പല ഭാഗങ്ങളിലും ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ശശിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
പൊട്ടിത്തെറിച്ച മിക്സര്‍ ഗ്രൈന്‍ഡറിലെ ബ്ലേഡ് കൊണ്ടിട്ടാണ് ശശിക്ക് പരിക്കേറ്റത്. മറ്റ് ആയുധ സമാനമായ സംഗതികളൊന്നും തന്നെ സ്ഥല പരിശോധനയില്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. കടയിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു. മൈസുരുവില്‍ നിന്നുള്ള ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. പൊട്ടിത്തെറിക്ക് കാരണമായ പാര്‍സര്‍ എവിടെ നിന്ന് എത്തിയതാണെന്നും പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.
സ്ഫോടവസ്തുക്കള്‍ സംബന്ധിയായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. മംഗലുരുവില്‍ ഓട്ടോറിക്ഷയില്‍ കുക്കര് പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് അപകടം എന്നതിനാല്‍ ആളുകളില്‍ തീവ്രവാദി ആക്രമണമാണോയെന്ന ആശങ്കയുണ്ടാവാന്‍ കാരണമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam