വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കുന്നു; നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് സ്റ്റാലിൻ

By Web TeamFirst Published Jun 6, 2019, 1:27 PM IST
Highlights

തമിഴ്നാട്ടിലെ വിദ്യാർത്ഥികളുടെ സ്വപ്നം ഇല്ലാതാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. 

ചെന്നെ: നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ആവശ്യവുമായി സ്റ്റാലിൻ രം​ഗത്തെത്തിയിരിക്കുന്നത്. മുമ്പും ഇക്കാര്യം താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ  അതിനുവേണ്ട പ്രധാന്യം കേന്ദ്രം നൽകിയില്ലെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

തമിഴ്നാട്ടിലെ വിദ്യാർത്ഥികളുടെ സ്വപ്നം ഇല്ലാതാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. 'ഇത്തവണത്തെ നീറ്റ് ഫലം വന്നപ്പോൾ 75,000-ത്തോളം വിദ്യാർത്ഥികളാണു പരീക്ഷയിൽ പരാജയപ്പെട്ടത്. തഞ്ചാവൂർ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂർ സ്വദേശിനി വൈശ്യ എന്നീ വിദ്യാർത്ഥിനികൾ യോ​ഗ്യത നേടാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്തു. തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന കേന്ദ്ര നടപടി അംഗീകരിക്കാനാവില്ല’- സ്റ്റാലിൻ പറഞ്ഞു.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഡിഎംകെ ഈ ആവശ്യം ഉന്നയിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

ബുധനാഴ്ചയാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള നളിന്‍ ഖണ്ഡേവാലാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാമതെത്തിയത്. ദില്ലിയിൽ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
 

click me!