'ആറ് തവണ തമിഴ്‌നാട് ഭരിച്ചിട്ടുണ്ട്, ജയവും തോൽവിയും പുത്തരിയല്ല'; ആദ്യ പ്രതികരണവുമായി എംകെ സ്റ്റാലിൻ

Published : May 05, 2026, 12:47 PM IST
mk stalin

Synopsis

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അട്ടിമറി വിജയം നേടി. ദ്രാവിഡ പാർട്ടികളെ പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജനവിധി അംഗീകരിക്കുകയും ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് രാഷ്ട്രീയം അടക്കിവാണിരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചാണ് വിജയ്‌യുടെ പാർട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. വൻ പരാജയത്തിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു. .

ഭരണകക്ഷിയായിരുന്നപ്പോൾ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതുപോലെ ശക്തമായ പ്രതിപക്ഷമായി ജനങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ കിട്ടി. ടിവികെയേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് ഡിഎംകെയ്ക്ക് കുറവുള്ളത്. വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. ഇത് ജനങ്ങൾ ഇപ്പോഴും ഡിഎംകെയിൽ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർ അയക്കുന്ന ആശ്വാസ സന്ദേശങ്ങൾ ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, അവർ കൂടെയുള്ളപ്പോൾ തനിക്കെന്ത് പേടിയെന്നും പ്രതികരിച്ചു. ഒന്നര കോടിയിലധികം വരുന്ന വോട്ടുകൾ സംസ്ഥാനത്ത് പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ജയിച്ച എല്ലാ ഡിഎംകെ സ്ഥാനാർത്ഥികളും ഉടൻ തന്നെ മണ്ഡലങ്ങളിൽ നേരിട്ടെത്തി വോട്ടർമാരോട് നന്ദി അറിയിക്കണം. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പെരിയാർ, അണ്ണാ, കലൈഞ്ജർ കരുണാനിധി എന്നിവരുടെ പാത പിന്തുടർന്ന് ഭാഷയ്ക്കും നാടിനും സംസ്കാരത്തിനും വേണ്ടിയുള്ള ദ്രാവിഡ രാഷ്ട്രീയ നിലപാട് തുടരുമെന്നും, ജനത്തെ പിന്നിലാക്കാതെ വീണ്ടും ജയിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ കൊളത്തൂരിൽ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് എം.കെ. സ്റ്റാലിൻ പരാജയപ്പെട്ടിരുന്നു. ചെന്നൈ ഉൾപ്പെടെയുള്ള ഡിഎംകെ കോട്ടകളിൽ ടിവികെ വൻ മുന്നേറ്റമാണ് നടത്തിയത്. ആകെ 234 സീറ്റുകളിൽ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളിലൊതുങ്ങി. എഐഎഡിഎംകെ 47 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. പെരമ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ടിവികെ അധ്യക്ഷൻ വിജയ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഭരിക്കാൻ ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ 10 സീറ്റുകൾ ഇനിയും ടിവികെയ്ക്ക് ആവശ്യമാണ്. ഇതിനായി മറ്റ് പാർട്ടികളുമായി ചേർന്ന് സഖ്യസർക്കാരിനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളെ ടിവികെ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രസവശേഷം വിശ്രമിക്കാൻ പോലും അനുവദിക്കാതെ വീഡിയോ കോളുമായി മരുമകൻ, ചോദ്യം ചെയ്ച അമ്മായിഅമ്മയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് 26കാരൻ
ടിവികെ കൊടുങ്കാറ്റിൽ സ്റ്റാലിൻ വീണിട്ടും എടപ്പാടി കുലുങ്ങിയില്ല; ഒരുലക്ഷത്തോളം ഭൂരിപക്ഷം