സിജെപി സമരങ്ങളിലും വിദ്യാർത്ഥി പ്രതിഷേധങ്ങളിലും പങ്കെടുത്തവർ ദേശവിരുദ്ധരല്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: രാജ്യ തലസ്ഥാനത്തെ വിദ്യാർത്ഥി പ്രതിഷേധങ്ങളെയും സി ജെ പി സമരങ്ങളെയും ന്യായീകരിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. മുംബൈയിൽ നടന്ന ഐ ഐ എം യു എന്നിന്റെ (IIMUN) വിദ്യാർത്ഥി സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം നിർണായക നിലപാട് വ്യക്തമാക്കിയത്. സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തു എന്നതുകൊണ്ട് മാത്രം 'ജെൻ സി' (Gen Z) തലമുറയിലുള്ളവർ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ ആകില്ലെന്നും പ്രതിഷേധങ്ങൾ ജനാധിപത്യ സംവിധാനത്തിന്റെ സ്വാഭാവികമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജെൻ സിയും ജെൻ ആൽഫയും പഴയ തലമുറയേക്കാൾ സത്യസന്ധരാണെന്നും പുതിയ തലമുറയെ താൻ അന്ധമായി വിശ്വസിക്കുന്നുവെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. പഴയ തലമുറ ഭരണകൂടങ്ങളെ അന്ധമായി അനുസരിക്കുകയും ചോദ്യം ചെയ്യാൻ മടിക്കുകയും ചെയ്തിരുന്നെങ്കിൽ, പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കാനും യുക്തിസഹമായ ഉത്തരങ്ങൾ തേടാനും തയ്യാറാകുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ടെന്നും വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പരാതികൾ യഥാർത്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരം വിദ്യാർഥികളുടെ അവകാശം

മികച്ചൊരു വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടി സമരം ചെയ്യാനും ശബ്ദമുയർത്താനും വിദ്യാർത്ഥികൾക്ക് എല്ലാവിധ അവകാശങ്ങളുമുണ്ട്. അതിനാൽ അവരുമായി നിരന്തരം സംവാദങ്ങൾ നടത്തേണ്ടതുണ്ടെന്നും കുട്ടികളെ കേൾക്കുകയും അവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുകയും വേണമെന്ന് ആർ എസ് എസ് മേധാവി ചൂണ്ടിക്കാട്ടി. അതേസമയം ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു എന്ന വാർത്തകളെക്കുറിച്ച് തനിക്ക് സ്ഥിരീകരിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ആർ എസ് എസ് തലവൻ കൂട്ടിച്ചേർത്തു.