
ചെന്നൈ: നടൻ വിജയ് നേതൃത്വത്തിൽ തമിഴക വെട്രി കഴകം (ടി വി കെ) തമിഴ്‌നാട്ടിൽ വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ എം കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നാണ് പ്രകാശ് രാജിന്‍റെ വിമർശനം. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. ആ യാത്ര തുടരാമെന്നും പ്രകാശ് രാജ് കുറിച്ചു. വിജയിച്ചവർക്ക് അദ്ദേഹം ആശംസകൾ നേർന്നു.
പ്രകാശ് രാജിന്റെ ഈ കുറിപ്പിന് താഴെ കടുത്ത വിമർശനങ്ങളുമായി വിജയ് ആരാധകർ എത്തി. താങ്കൾ തമിഴനല്ലെന്നും അതുകൊണ്ട് തമിഴ്നാടിന് വേണ്ടി സംസാരിക്കേണ്ടതില്ലെന്നും ചിലർ പ്രതികരിച്ചു. കർണാടകയിൽ താമസിക്കുന്ന താങ്കൾ എന്തിനാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇടപെടുന്നതെന്നും എന്ത് ചെയ്യണമെന്ന് കൃത്യമായ അറിവുണ്ടെന്നും ചിലർ മറുപടി നൽകി. പ്രകാശ് രാജ് മുൻപ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കാര്യം ഓർമ്മിപ്പിച്ചും ചിലർ രംഗത്തെത്തി.
തമിഴ്നാട്ടിൽ 234 അംഗ സഭയിൽ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഡിഎംകെ സഖ്യം 73 സീറ്റിലും എഐഎഡിഎംകെ സഖ്യം 52 സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റിൽ വിജയിച്ചത് സ്വതന്ത്രനാണ്. സിനിമാ ലോകത്തുനിന്നും നിരവധി പ്രമുഖർ വിജയ്‍യെ അഭിനന്ദിച്ച് രംഗത്തെത്തി. രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങിയവരെല്ലാം വിജയ്‍യെ അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam