പിപിഇ കിറ്റ് പോലും ധരിച്ചില്ല; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് കര്‍ണാടക എംഎല്‍എ

By Web TeamFirst Published Jun 25, 2020, 12:42 PM IST
Highlights

ജനങ്ങളുടെ ഭയം അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം. സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് കൊണ്ട് ആര്‍ക്കും കൊവിഡ് ബാധിക്കില്ല. പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങില്‍ അതുകൊണ്ട് എല്ലാവരും പങ്കെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

മംഗളൂരു: കൊവിഡ് ബാധിച്ച മരിച്ചയാളുടെ സംസ്കാര ചടങ്ങില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി പങ്കെടുത്ത് കര്‍ണാടക എംഎല്‍എ. മംഗളൂരു എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയും കൂടിയായ യു ടി ഖാദറാണ് പിപിഇ കിറ്റ് പോലും ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച മരിച്ച എഴുപതുകാരന്‍റെ കബറടക്കത്തിലാണ് ബോളാർ ജുമാമസ്ജിദിൽ ഖാദര്‍ പങ്കെടുത്തത്.

മരിച്ചയാളുടെ അടുത്ത ബന്ധുക്കൾ പോലും ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് വിട്ടുനിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ നടപടി. എംഎൽഎയെ തടയാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മാതൃകയാകേണ്ട എംഎല്‍എയുടെ പ്രവര്‍ത്തി ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.

എന്നാല്‍, സംഭവത്തില്‍ ന്യായീകരണവുമായി ഖാദര്‍ രംഗത്ത് വന്നു. ജനങ്ങളുടെ ഭയം അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം. സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് കൊണ്ട് ആര്‍ക്കും കൊവിഡ് ബാധിക്കില്ല. പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങില്‍ അതുകൊണ്ട് എല്ലാവരും പങ്കെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, പിപിഇ കിറ്റ് ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാന്യമായ രീതിയില്‍ സംസ്കാരം ഒരുക്കുന്നതിന് കുടുംബാംഗങ്ങള്‍ പോലും മുന്നോട്ട് വരുന്നില്ല.

ഈ വിഷയം തന്നെ ഏറെ വേദനിപ്പിച്ചു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തത് കൊണ്ട് വൈറസ് ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. മൃതദേഹത്തില്‍ നിന്ന് ഒരിക്കലും വൈറസ് പകരില്ല. ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാമെങ്കില്‍ കുടുംബക്കാര്‍ക്കും ആകാം. എന്നാല്‍, പിപിഇ കിറ്റ് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. 

click me!