'ജയിലിൽ പോകേണ്ടി വന്നാലും മാപ്പ് പറയില്ല', മറാത്തി സംസാരിക്കാത്തതിന് ബേക്കറി ഉടമയെ പലവട്ടം മുഖത്തടിച്ചു, പ്രതിഷേധം

Published : Jul 03, 2025, 05:56 PM ISTUpdated : Jul 03, 2025, 05:57 PM IST
Maharasthra

Synopsis

മഹാരാഷ്ട്രയിലെ താനെയിൽ മറാത്തി സംസാരിക്കാത്തതിന് ബേക്കറി ഉടമയെ മർദ്ദിച്ച സംഭവത്തിൽ എംഎൻഎസ് പ്രവർത്തകൻ ന്യായീകരണവുമായി രംഗത്ത്. 

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മറാത്തി സംസാരിക്കാത്തതിൻ്റെ പേരിൽ ഒരു ബേക്കറി ഉടമയെ മർദ്ദിച്ച സംഭവത്തിൽ ന്യായീകരണവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) പ്രവർത്തകൻ. തന്റെ മാതൃഭാഷയ്ക്ക് വേണ്ടി വേണ്ടി ജയിലിൽ പോകാനും താൻ തയ്യാറാണെന്നായിരുന്നു ഇയാളുടെ പ്രതികരണം. അതേസമയം, ബാബുലാൽ ഖിംജി ചൗധരി എന്ന 48കാരനായ ബേക്കറി ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. പ്രദേശത്ത് കടകളടച്ചും പ്രതിഷേധം നടന്നു.

പൊലീസ് പ്രതിയെ ചോദ്യം ചെയ്യാനിരിക്കെയാണ്, രാജ് താക്കറെ നയിക്കുന്ന പ്രാദേശിക പാർട്ടിയുടെ പ്രവർത്തകൻ, ആക്രമണത്തിന് താൻ മാപ്പ് പറയില്ലെന്ന് എൻഡിടിവിയോട് പ്രതികരിച്ചത്. താമരിലെ കാശിമിറ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പ്രതിയെ കാണാനെത്തിയ എംഎൻഎസ് പ്രവർത്തകൻ അമോൽ പാട്ടീൽ, തങ്ങൾ കാരണമില്ലാതെ ആരെയും ആക്രമിക്കില്ലെന്നും പറഞ്ഞു.

അയാൾ ഞങ്ങളോട് മാന്യമായി സംസാരിച്ചിരുന്നെങ്കിൽ തല്ല് കിട്ടില്ലായിരുന്നു. അയാളുടെ മനോഭാവമാണ് ഞങ്ങളെ തല്ലാൻ പ്രേരിപ്പിച്ചത്. പലർക്കും മറാത്തി അറിയില്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, ചോദിക്കുമ്പോൾ മാന്യമായി മറുപടി പറയാൻ ഒരു രീതിയുണ്ടെന്നും പാട്ടീൽ പറയുന്നു. ബേക്കറി ഉടമ 'ഞാൻ മറാത്തി പഠിക്കാം, നിങ്ങൾക്ക് എന്നെ പഠിപ്പിക്കാൻ കഴിയുമോ' എന്ന് ചോദിച്ചിരുന്നെങ്കിൽ, ഞങ്ങൾ സഹായിക്കാൻ സന്തോഷത്തോടെ തയ്യാറാകുമായിരുന്നു.

മറാത്തി സംസാരിക്കുമോ എന്ന് ചോദിക്കുമ്പോൾ അവർ എങ്ങനെയാണ് ഞങ്ങളോട് പെരുമാറുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാമെന്നും പാട്ടീൽ പറഞ്ഞു. സംഭവം നടന്നതിന് ശേഷമാണ് താൻ ഭക്ഷണശാലയിൽ എത്തിയതെന്നും, ഭക്ഷണശാല ഉടമയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനപരമായ പെരുമാറ്റമാണ് എംഎൻഎസ് പ്രവർത്തകരുടെ പ്രതികരണത്തിന് കാരണമെന്നും പാട്ടീൽ ആരോപിച്ചു.

മറാത്തിയുടെ പേരിൽ ബേക്കറി ഉടമയ്ക്ക് നേരെ നടന്ന മർദ്ദനത്തിൽ, ജയിലിൽ പോകേണ്ടി വന്നാലും ദുഃഖമില്ലെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രവർത്തകൻ പറ‍ഞ്ഞു. മറാത്തിക്ക് വേണ്ടി 10 ദിവസം ജയിലിൽ പോകേണ്ടി വന്നാലും ഞങ്ങൾ ദുഃഖിക്കില്ല. ഇത് ഞങ്ങളുടെ മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ മറാത്തി തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മർദ്ദനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടയിലെത്തിയ എംഎൻഎസ് പ്രവർത്തകൻ ബേക്കറി ഉടമ യോട് മറാത്തിയിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതും, അദ്ദേഹം വിസമ്മതിച്ചപ്പോൾ പ്രകോപിതരായ എംഎൻഎസ് പ്രവർത്തകർ പലവട്ടം മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിന് ശേഷം ബേക്കറി ഉടമയെ കണ്ടിരുന്നുവെന്നും മാപ്പ് പറഞ്ഞില്ലെന്നും, മാപ്പ് പറയേണ്ടത് ബേക്കറി ഉടമയാണെന്നുമായിരുന്നു അമോൽ പാട്ടീലിന്റെ പ്രതികരണം.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്