അവസാനിക്കാത്ത ജാതിക്കൊല; വഴി നടക്കാൻ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ അടിച്ചുകൊന്നു

Published : Jun 13, 2019, 03:21 PM ISTUpdated : Jun 13, 2019, 03:43 PM IST
അവസാനിക്കാത്ത ജാതിക്കൊല; വഴി നടക്കാൻ പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ അടിച്ചുകൊന്നു

Synopsis

ഇനിയൊരാളും ജാതിയുടെ പേരില്‍ കൊല്ലപ്പെടരുതെന്നും അശോകിനെ കൊലപ്പെടുത്തിയവരെ മുഴുവന്‍ അറസ്റ്റ് ചെയ്താലേ മൃതശരീരം ഏറ്റുവാങ്ങൂകയുള്ളു എന്നും ഡി വൈ എഫ് ഐ നേതാവ് രജീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു

തിരുനെല്‍വേലി: ജാതി വെറിയുടെ ഇരയായി തമിഴ്നാട്ടിലെ ഡിവൈഎഫ്ഐ നേതാവ് അശോക് കൊല്ലപ്പെട്ടു. തിരുനെല്‍വെലിക്കപ്പുറത്ത് തച്ചനെല്ലൂര്‍ ഗ്രാമത്തിലാണ് എസ് സി വിഭാഗക്കാരനായ പള്ളര്‍ ജാതിയില്‍ പെട്ട അശോകെന്ന ചെറുപ്പക്കാരന്‍ അരുംകൊലയ്ക്ക് ഇരയായത്. തേവര്‍ സമുദായാംഗങ്ങള്‍ കല്ലെടുത്തടിച്ചും വെട്ടിയും കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ചൊവ്വാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. അശോകിന്‍റെ കൊലപാതകത്തില്‍ അതിശക്തമായ പ്രതിഷേധത്തിനാണ് ഡി വൈ എഫ് ഐ നേതൃത്വം നല്‍കുന്നത്. ഇനിയൊരാളും ജാതിയുടെ പേരില്‍ കൊല്ലപ്പെടരുതെന്നും അശോകിനെ കൊലപ്പെടുത്തിയവരെ മുഴുവന്‍ അറസ്റ്റ് ചെയ്താലേ മൃതശരീരം ഏറ്റുവാങ്ങൂകയുള്ളു എന്നും തമിഴ്നാട്ടിലെ ഡി വൈ എഫ് ഐ നേതാവ് രജീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

സംഭവം ഇങ്ങനെ

തച്ചനെല്ലൂര്‍ ഗ്രാമത്തില്‍ ജാതിയുടെ പേരില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇവിടുത്തെ റോഡിലൂടെ എസ് സി വിഭാഗത്തില്‍ പെട്ടവര്‍ സഞ്ചരിക്കുമ്പോള്‍ തേവര്‍ സമുദായത്തില്‍ പെട്ടവര്‍ ശല്യംചെയ്യുക പതിവാണെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ഇതിന്‍റെ പേരില്‍ പ്രതിഷേധങ്ങള്‍ നടക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ തിരുനെല്‍വേലി ജില്ലാ ട്രെഷറര്‍ അശോകും അമ്മയും കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. വഴിയില്‍ കൂട്ടംകൂടി നിന്ന തേവര്‍ സമുദായത്തില്‍പെട്ടവര്‍ മാറാന്‍ കൂട്ടാക്കിയില്ല. നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും ഇവര്‍ വഴിമാറാതെ നിന്നതോടെ അശോക് ബൈക്ക് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ അമ്മയുടെ മടിയിലിരുന്ന പുല്ലുകെട്ട് ഒരാളുടെ ദേഹത്ത് തട്ടി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലെത്തുകയും അമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സ തേടിയ അശോകും അമ്മയും തച്ചനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പെട്ടു. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതോടെ സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡിലായി. ഇതിനിടെ സ്വതന്ത്രമായി വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി അശോകിന്‍റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധവും സംഘടിച്ചു. ഇതോടെ തേവര്‍ സമുദായത്തില്‍പെട്ടവര്‍ക്ക് പ്രതികാരം മൂത്തു. അശോകിനെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കാന്‍ പോലും മടികാട്ടിയില്ല. പൊലീസില്‍ പരാതി പെട്ടെങ്കിലും ആവശ്യമായ സംരക്ഷണം ലഭിച്ചില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് രജീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ജോലിക്ക് പോകാനായി അശോക് രാത്രി ഇറങ്ങിയപ്പോഴാണ് അരുംകൊല അരങ്ങേറിയത്. ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന അശോകിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായെത്തി ആക്രമിച്ചവര്‍ വെട്ടിയും കുത്തിയും കല്ലെടുത്തടിച്ചുമൊക്കെയാണ് യുവ നേതാവിന്‍റെ ജീവനെടുത്തത്. കയ്യിലും കാലിലും കഴുത്തിലും നിറയെ വെട്ടേറ്റു. കല്ലെടുത്ത് മുഖമടക്കം ഇടിച്ച് നശിപ്പിച്ച സംഘം മരണം ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്.

എസ് സി വിഭാഗത്തില്‍പെട്ടവരുടെ പ്രശ്നങ്ങളില്‍ സ്ഥിരമായി ഇടപെടുന്നയാളാണ് അശോക്. വഴി നടക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതികരിച്ചതാണ് അശോക് ചെയ്ത കുറ്റമെന്നും അതിന്‍റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും ഡിവൈഎഫ്ഐ നേതാവ് രജീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. തേവര്‍ സമുദായത്തില്‍ പെട്ടവര്‍ പരിഹസിക്കുമ്പോഴും തെറിവിളിക്കുമ്പോഴും എസ് സി വിഭാഗത്തില്‍ പെട്ടവര്‍ പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവരുടെ അനുഭവം ഇതാകും എന്ന പാഠം എല്ലാവര്‍ക്കും നല്‍കാനുള്ള ശ്രമമാണ് കൊലപാതകമെന്നും രജീഷ് പറയുന്നു. കൊലപാതക ശേഷവും പൊലീസുമായി ഒത്തുകളിക്കുകയാണ് തേവര്‍ സമുദായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകമാക്കി മാറ്റി യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രജീഷ് ആരോപിച്ചു.  അശോകിന്‍റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ക്കെതിരെ മൊഴി നല്‍കിയിട്ടും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും രജീഷ് ചൂണ്ടികാട്ടി. രാമചന്ദ്രതേവര്‍, ഇയാളുടെ ചെറുമകന്‍ പേച്ചി രാജന്‍, ഗണേഷന്‍, ബാലു, മുരുകന്‍, സുബ്രമണ്യന്‍, മൂക്കന്‍ എന്നിവരാണ് പ്രതികളെന്ന് ഡിവൈഎഫ്ഐ പറയുന്നു. അശോകിന്‍റെ കൊലപാതകത്തിലെ പ്രതിഷേധം സംസ്ഥാനമാകെ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സംഘടന. പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്താലേ അശോകിന്‍റെ മൃതദേഹം ഏറ്റുവാങ്ങു എന്ന നിലപാടിലാണ് ഡിവൈഎഫ്ഐയും സിപിഎമ്മും. മെഡിക്കല്‍ കോളേജിലാണ് മൃതശരീരം ഇപ്പോഴുമുള്ളത്. ഇവിടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധമാണ് ഡി വൈ എഫ് ഐ നടത്തുന്നത്. മണിക്കൂറുകള്‍ കഴിയുന്തോറും പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി