
ദില്ലി: കോൺഗ്രസ് പ്രകടന പത്രികയിലെ പ്രധാന പദ്ധതിയായ ന്യായ് പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദിച്ച നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അനിൽ അംബാനിയുടെ പോക്കറ്റിൽനിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുൽ മോദിക്ക് നൽകിയ മറുപടി.
ഞങ്ങൾ പാവപ്പെട്ടവർക്ക് പണം നൽകുന്ന ന്യായ് പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് മോദി ചോദിക്കുന്നത്. ഞങ്ങൾക്ക് അതിന് മറുപടിയുണ്ട്. അനിൽ അംബാനിയുടെ പോക്കറ്റിൽനിന്ന് പണം കണ്ടെത്തും- ജിതൻ റാം മാഞ്ചിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രണ്ട് രാജ്യം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. ഒന്ന് അനിൽ അംബാനിക്കും നീരവ് മോദിക്കും വേണ്ടി. മറ്റൊന്ന് നമ്മൾക്ക്. ഓരോർത്തർക്കും 15 ലക്ഷം രൂപ നൽകുമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ രണ്ട് കോടി കുടുംബങ്ങൾക്ക് 3.6 ലക്ഷം നൽകും. അധികാരത്തിലേറിയാൽ 32 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ വർഗീയ പരമാർശങ്ങളുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് മോദിയുടെ വ്യവസായികളുമായുള്ള ബന്ധത്തെ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചത്. ബി ജെ പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ശത്രുഘൻ സിൻഹ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam