'ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യല്‍, ഒരു കപ്പ് കാപ്പി പോലും കുടിച്ചില്ല; ശാന്തനായിരുന്നു മോദി'

By Web TeamFirst Published Oct 28, 2020, 6:34 AM IST
Highlights

മോദിയെ കുറ്റക്കാരനാക്കാന്‍ പാകത്തില്‍ ഒന്നും കണ്ടെത്താതിരുന്നതില്‍ അവര്‍ നിരാശരായിരുന്നുവെന്നും രാഘവന്‍ വ്യക്തമാക്കുന്നു.

ദില്ലി: 2002ലെ ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ചോദ്യം ചെയ്തതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് മുൻ സിബിഐ ഡയറക്ടര്‍ ആര്‍.കെ.രാഘവൻ. 9 മണിക്കൂര്‍ ചോദ്യം ചെയ്യലിൽ ശാന്തനായി മോദി സഹകരിച്ചുവെന്ന് ആത്മകഥയിൽ വെളിപ്പെടുത്തൽ. ചായയും ഭക്ഷണവും നിരസിച്ചു. വെള്ളം മാത്രം കുടിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആസ്ഥാനത്ത് നരേന്ദ്ര മോദി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയെന്നും ആർ.കെ.രാഘവൻ.

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു പങ്കുള്ളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ എതിരാളികളില്‍നിന്ന്‌ പീഡനം ഏല്‍ക്കേണ്ടിവന്നെന്ന് സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍. 'എ റോഡ് വെല്‍ ട്രാവല്‍ഡ്' എന്ന പുസ്തകത്തിലാണ് രാഘവന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 

മോദിയെ കുറ്റക്കാരനാക്കാന്‍ പാകത്തില്‍ ഒന്നും കണ്ടെത്താതിരുന്നതില്‍ അവര്‍ നിരാശരായിരുന്നുവെന്നും രാഘവന്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി നിര്‍ദേശം പ്രകാരം കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു ആര്‍.കെ രാഘവന്‍ പറയുന്നു. ഗുജറാത്തിലും ദില്ലിയിലുമുള്ള  മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ത്തി. 

മോദിയെ താന്‍ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചു. തന്‍റെ ടെലഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയെന്നും രാഘവന്‍ ആരോപിക്കുന്നു. അന്നത്തെ ചോദ്യം ചെയ്യലിന്‍റെ കാര്യങ്ങള്‍ രാഘവന്‍ പുസ്തകത്തില്‍ പറയുന്നു.

ഗുജറാത്ത് സര്‍ക്കാറിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന മോദി നേരിട്ട് എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം അത് അംഗീകരിച്ച് ഗാന്ധിനഗറിലെ ഓഫിസിലെത്തിയെന്നും രാഘവന്‍ പറയുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന അശോക് മല്‍ഹോത്രയാണ് മോദിയെ ചോദ്യം ചെയ്തത്. 

ചോദ്യം ചെയ്യലിനിടയില്‍ ഇടവേള വേണമെന്ന് മോദി ഒരിക്കലും പറഞ്ഞില്ല. എസ്‌ഐടി ഓഫിസിലെ എന്റെ ചേംബറില്‍ ഒമ്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. രാത്രി വൈകി അവസാനിച്ച ചോദ്യം ചെയ്യലില്‍ ഉടനീളം മോദി ശാന്തനായിരുന്നു. ഊണ് കഴിക്കാന്‍ ഇടവേള വേണോ എന്നു മല്‍ഹോത്ര ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. 

കുടിക്കാനുള്ള വെള്ളം മോദി തന്നെ കൊണ്ടുവന്നിരുന്നു. എസ്‌ഐടി ഓഫിസില്‍നിന്ന് ഒരു കപ്പ് കാപ്പി പോലും കുടിച്ചില്ല. മല്‍ഹോത്ര നിര്‍ബന്ധിക്കുമ്പോള്‍ മാത്രമാണ് ഇടവേള എടുത്തിരുന്നത്. അത്രത്തോളം ഊര്‍ജമായിരുന്നു മോദിക്ക് - രാഘവന്‍ പുസ്തകത്തില്‍ പറയുന്നു.

click me!