Marriage Age 21 : വിവാഹപ്രായം 21ആക്കാൻ നാളെ ബില്ല്; എതിർത്ത് പ്രതിപക്ഷം, കോൺഗ്രസ് നിലപാട് സോണിയ പ്രഖ്യാപിക്കും

By Web TeamFirst Published Dec 19, 2021, 1:48 AM IST
Highlights

പ്രതിപക്ഷ പാർ‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോൺഗ്രസ് നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ( Marriage Age 21 ) ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ല് നാളെ പാർലമെന്‍റിൽ അവതരിപ്പിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അജണ്ടയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വരും.

പ്രതിപക്ഷ പാർ‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോൺഗ്രസ് (Congress) നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ആലോചിക്കാൻ നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ നിലപാട് പ്രഖ്യാപിക്കും. കേന്ദ്രനീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളിൽ പലരും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക അഭിപ്രായം പാർട്ടി പറഞ്ഞിട്ടില്ല. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കോൺഗ്രസ് ബില്ലിനെ എതിർക്കണമെന്നാണ് പാർട്ടി നേതാക്കളുടെ ഭൂരിപക്ഷ നിലപാട്.  ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയയുടെ അധ്യക്ഷതിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

സ്ത്രീകളുടെ വിവാഹപ്രായം 21 : ബില്ല് തിങ്കളാഴ്ച രാജ്യസഭയിൽ ? എതിർത്ത് കോൺഗ്രസും

നേരത്തെ ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്ന നിലപാട് സിപിഎം പൊളിറ്റ് ബ്യൂറോ കൈകൊണ്ടിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി (Sitaram Yechury) വ്യക്തമാക്കിയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ വിവാഹപ്രായം ഉയർത്തുന്നത് എന്ന് വ്യക്തമല്ല. വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി വിമർശിച്ചു. രാജ്യത്തെ പോഷകാഹാരപ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വിവരിച്ചിരുന്നു.

വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി

പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും മുസ്ലിം ലീഗും അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. ഇന്ത്യയിൽ ഇപ്പോൾ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും എതിർത്ത് വോട്ടു ചെയ്യാൻ തീരുമാനിച്ചതായും സമാജ് വാദി പാർട്ടി വ്യക്തമാക്കി.

18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം, പങ്കാളിയെ പറ്റില്ലേ; കേന്ദ്രത്തിനെതിരെ അസദുദ്ദീന്‍ ഒവൈസി

click me!