രാജ്യത്ത് ശൈശവ വിവാഹം കുറഞ്ഞത് അതിനെതിരായ നിയമം കൊണ്ട് അല്ല മറിച്ച് ആളുകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണെന്നും ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അസദുദ്ദീന്‍ ഒവൈസി. 

പെൺകുട്ടികളുടെ വിവാഹപ്രായം 21 (Marriage age 21) ആക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ( Asaduddin Owaisi). ഒരു പെണ്‍കുട്ടിക്ക് 18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ എന്തുകൊണ്ടാണ് പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാധിക്കില്ലേയെന്നാണ് ഒവൈസിയുടെ ചോദ്യം. വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അസദുദ്ദീന്‍ ഒവൈസി. പതിനെട്ട് വയസ് പ്രായമുള്ള ഇന്ത്യന്‍ പൌരന് വോട്ട് ചെയ്യാനും കരാറുകള്‍ ഒപ്പിടാനും ബിസിനസ് ആരംഭിക്കാനും സാധിക്കും. ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ പിതൃത്വ സ്വഭാവം വെളിപ്പെടുത്തുന്നതാണ് നടപടിയെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി യാതൊന്നും തന്നെ ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു. ജോലി ചെയ്യുന്ന സ്ത്രീകളുടെ 2005ല്‍ 26 ശതമാനം ആയിരുന്നെങ്കില്‍ 2020ല്‍ അത് 16 ശതമാനമായി കുറഞ്ഞെന്നും ഒവൈസി പറഞ്ഞു. രാജ്യത്ത് ശൈശവ വിവാഹം കുറഞ്ഞത് അതിനെതിരായ നിയമം കൊണ്ട് അല്ല മറിച്ച് ആളുകള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണെന്നും അസദുദ്ദീന്‍ ഒവൈസി പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം 21 വര്‍ഷമാക്കണമെന്നും അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു. ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ അനുസരിച്ച് എത്ര വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഒരാള്ക്ക് തീരുമാനിക്കാം. എന്നാല്‍ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പറ്റില്ല. ഇതിലെ ലോജിക്ക് എന്താണെന്നും അസദുദ്ദീന്‍ ഒവൈസി ചോദിക്കുന്നു.

അതുകൊണ്ടാണ് ഇതൊരു തെറ്റായ ചുവടുവയ്പായി തനിക്ക് തോന്നുന്നതെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. സ്വകാര്യത മൌലികാവകാശമെന്ന് സുപ്രീം കോടതി വരെ വിലയിരുത്തിയിട്ടുണ്ട്. ആരെ വിവാഹം ചെയ്യണമെന്നോ എപ്പോള്‍ കുട്ടികള്‍ ഉണ്ടാകണമെന്നോ ഒരാള്‍ത്ത് തീരുമാനിക്കാനാവുമെന്നും കോടതി വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഒവൈസി പറയുന്നു. അമേരിക്കയില്‍ വിവാഹിതരാവാനുള്ള പ്രായം 14 വയസാണ് കാനഡയിലും ബ്രിട്ടനിലും ഇത് 16ാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. 

വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർത്ത് സീതാറാം യെച്ചൂരി. എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ വിവാഹപ്രായം ഉയർത്തുന്നത് എന്ന് വ്യക്തമല്ല. വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി വിമർശിച്ചു. രാജ്യത്തെ പോഷകാഹാരപ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.