കേന്ദ്ര ബജറ്റ് നാളെ: കർഷകർക്ക് പ്രതീക്ഷ, സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ?

By Web TeamFirst Published Jul 4, 2019, 6:15 AM IST
Highlights

കാര്‍ഷിക-തൊഴിൽ മേഖലകൾക്കുള്ള വലിയ ഊന്നൽ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വെ ഇന്ന് ലോക്സഭയിൽ വയ്ക്കും.   

ദില്ലി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. കാര്‍ഷിക-തൊഴിൽ മേഖലകൾക്കുള്ള വലിയ ഊന്നൽ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ ഇന്ന് ലോക്സഭയിൽ വെക്കും.

ഇന്ത്യൻ സമ്പദ്‌ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ വെള്ളിയാഴ്ച തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആഭ്യന്തര വളര്‍ച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കാര്‍ഷിക, വ്യാവസായിക മേഖലകളിലും പുരോഗതിയില്ല. അതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ തന്നെയായിരിക്കും ബജറ്റിലെ പ്രധാന ഊന്നൽ.

ഓഹരികൾ വിറ്റഴിച്ച് 90,000 കോടി രൂപ കണ്ടെത്താനായിരുന്നു ഇടക്കാല ബജറ്റിലെ നിര്‍ദേശം. ആ പരിധി കൂട്ടാനുള്ള സാധ്യതയുണ്ട്. കാര്‍ഷിക മേഖലയിലെ ഘടനാപരമായ മാറ്റമാണ് ലക്ഷ്യമെന്ന് നിതി ആയോഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കാര്‍ഷിക മേഖലയിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാം.

തൊഴിൽ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളാകും മറ്റൊന്ന്. ആദായനികുതി ഘടനയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നേക്കും. ജിഎസ്ടി നടപ്പാക്കിയെങ്കിലും സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിൽ ജിഎസ്ടി വരുമാനത്തിലുണ്ടായ ഇടിവ് നല്ല സൂചനയല്ല നൽകിയത്.

അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും കൂടുതൽ തുക നീക്കിവെച്ചേക്കും. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്കായി വായ്പ പരിധി ഉയര്‍ത്തണമെന്നതടക്കം നിരവധി ആവശ്യങ്ങൾ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എയിംസ്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂരിൽ രാജ്യാന്തര ആയൂര്‍വേദ ഇൻസ്റ്റിറ്റ്യൂട്ട്, റബറിന്‍റെ താങ്ങുവില ഉയര്‍ത്തുക, തീരദേശ പാത, ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിലേക്ക് നീട്ടുക, തിരുവനന്തപുരം-കാസര്‍കോഡ് രണ്ട് അധിക റെയിൽവെ ലൈന്‍ തുടങ്ങി നിരവധി പ്രതീക്ഷകൾ കേരളത്തിനുണ്ട്.
 

click me!