ചൈനക്ക് മുന്നില്‍ മോദി തലകുനിച്ചു, ഇന്ത്യന്‍ മണ്ണ് വിട്ടുനല്‍കി; വിമര്‍ശനവുമായി രാഹുല്‍

By Web TeamFirst Published Feb 12, 2021, 11:50 AM IST
Highlights

കഴിഞ്ഞ ദിവസം പാംഗോങ് തടാകത്തിന്റെ വടക്ക്-തെക്ക് മേഖലകളില്‍ നിന്ന് ഇരുവിഭാഗവും സൈന്യവും പിന്മാറിയിരുന്നു. ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കാണ് പിന്മാറിയത്. എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ പോസ്റ്റായിരിക്കെ ഫിംഗര്‍ മൂന്നിലേക്ക് എന്തിനാണ് മാറിയതെന്നും രാഹുല്‍ ചോദിച്ചു.
 

ദില്ലി: ചൈനക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തലകുനിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് വിട്ടുനല്‍കിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവാണെന്നും ചൈനക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ജവമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

കഴിഞ്ഞ ദിവസം പാംഗോങ് തടാകത്തിന്റെ വടക്ക്-തെക്ക് മേഖലകളില്‍ നിന്ന് ഇരുവിഭാഗവും സൈന്യവും പിന്മാറിയിരുന്നു. ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കാണ് പിന്മാറിയത്. എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ പോസ്റ്റായിരിക്കെ ഫിംഗര്‍ മൂന്നിലേക്ക് എന്തിനാണ് മാറിയതെന്നും രാഹുല്‍ ചോദിച്ചു. പ്രശ്‌നത്തില്‍ പ്രതിരോധമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ മോദി ഈ വിഷയത്തില്‍ മറുപടി പറയാത്തതെന്നും രാഹുല്‍ ചോദിച്ചു. 

ഫിംഗര്‍ നാല് വരെയുള്ള മേഖല ഇന്ത്യയുടെ കൈവശമായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഫിംഗര്‍ മൂന്നിലേക്ക് മാറിയത്. നമ്മുടെ സൈനികര്‍ പിടിച്ച കൈലാസ മലനിരകള്‍ എന്തിനാണ് ചൈനക്ക് വിട്ടുനല്‍കിയത്. ചൈന കടന്നുകയറിയ പ്രദേശങ്ങളെക്കുറിച്ച് നിശബ്ദമാകുന്നത് എന്താണ്. പ്രധാനമന്ത്രി ഇന്ത്യന്‍ പ്രദേശം ചൈനക്ക് വിട്ടുനല്‍കിയെന്നും അദ്ദേഹം രാജ്യത്തിന് മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ചൈനക്ക് മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ മോദിക്ക് ഭയമാണ്. തല്‍സ്ഥിതി എന്നത് പാലിക്കപ്പെട്ടില്ല. സൈന്യത്തിന്റെ ധീരതയും ത്യാഗവും മോദി പാഴാക്കുകയാണ്. ഇത് അനുവദിക്കരുത്. മാധ്യമങ്ങള്‍ സത്യം പുറത്തുകൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
 

click me!