312 ഖലിസ്ഥാന്‍ തീവ്രവാദികളുടെ വിലക്ക് ഇന്ത്യ നീക്കിയതായി റിപ്പോര്‍ട്ട്

By Web TeamFirst Published Sep 16, 2019, 10:01 PM IST
Highlights

പ്രധാന ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കുള്ള 35 വര്‍ഷമായി തുടരുന്ന വിലക്ക് ഇന്ത്യ നീക്കിയതായി റിപ്പോര്‍ട്ട്. ദി പ്രിന്‍റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദില്ലി: പ്രധാന ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കുള്ള 35 വര്‍ഷമായി തുടരുന്ന വിലക്ക് ഇന്ത്യ നീക്കിയതായി റിപ്പോര്‍ട്ട്. ദി പ്രിന്‍റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, പ്രത്യേക സിഖ് രാജ്യം എന്ന ആവശ്യമുന്നയിച്ചു എന്നീ തീവ്രവാദ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. ഇത്തരത്തില്‍ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ 314 പേരില്‍ 312 പേരുടെ വിലക്ക് നീക്കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം വിലക്കുള്ളവരുടെ കൃത്യമായ കണക്ക് ആഭ്യന്തര മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നവരുടെ വിലക്ക് നീക്കിയതോടെ ഇവര്‍ക്ക് രാജ്യത്ത് വരാനും ബന്ധങ്ങള്‍ പുതുക്കാനും സാധിക്കും. ഇവരില്‍ മിക്കവരും ഇപ്പോള്‍ അമേരിക്കയിലും യുകെയിലും സ്ഥിരതാമസക്കാരാണ്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഫോറിന്‍ ഡിവിഷനാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഔദ്യോഗികമായി ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും തുടര്‍ച്ചയായി ഇവരെ ഇന്ത്യ നിരീക്ഷിച്ചുവരികയായിരുന്നു. പലപ്പോഴും ഇവര്‍ക്കും കുടുംബത്തിനും വിസ അനുവദിക്കാറില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഇന്ത്യ കഴിഞ്ഞ 35 വര്‍ഷമായി തുടര്‍ന്നുപോന്ന അനൗദ്യോഗിക വിലക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്.

click me!