'ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനം, ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷം': ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ‌ മോദി

Published : Jul 29, 2025, 06:37 PM ISTUpdated : Jul 29, 2025, 06:51 PM IST
modi

Synopsis

ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ദില്ലി: ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി മോദി. ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരരുടെ ആസ്ഥാനം തകർ‌ത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കും. 

പഹൽ​ഗാമിൽ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയിൽ കലാപം പടർത്താനുള്ള ശ്രമം ജനങ്ങൾ തകർത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിർദേശം നൽകി. സേനകൾക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നൽകിയെന്നും മോദി പറഞ്ഞു. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. നല്‍കിയത് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ്. 22 മിനിറ്റിൽ ഏപ്രിൽ 22 ലെ ആക്രമണത്തിന് മറുപടി നൽകി. പാകിസ്ഥാനെ വിറപ്പിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാൻ സാധിച്ചില്ല. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി എന്നും മോദി ചൂണ്ടിക്കാട്ടി. 

കോണ്‍ഗ്രസിനെതിരെയും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ ധീരൻമാരെ കോണ്‍ഗ്രസ് പിന്തുണക്കാത്തത് ദൌര്‍ഭാഗ്യകരമാണെന്ന് മോദി വിമര്‍ശിച്ചു. പഹൽഗാം കൂട്ടക്കൊലയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. കോണ്‍ഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പരത്തുന്നത് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പറയുന്നതാണ്. പാക് കള്ളങ്ങള്‍ ചിലര്‍ ഏറ്റെടുക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. 

രാജ്യം സൈനിക രംഗത്ത് കൈവരിച്ച പുരോഗതി ലോകം കണ്ടു. മുമ്പ് ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങൾ സുരക്ഷിതരാണെന്ന് കരുതിയിരുന്നു. ഇന്ത്യ അതിർത്തി കടന്ന് വന്ന് വധിക്കുമെന്ന് ഇവർക്ക് ബോധ്യമായി. ഇന്ത്യയിൽ ആക്രമണം ഉണ്ടായാൽ ഇന്ത്യ സ്വയം നിശ്ചയിക്കുന്ന രീതിയിൽ തിരിച്ചടി നൽകും. ഒരു ആണവ ഭീഷണിക്കും രാജ്യം വഴങ്ങില്ല. സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയെ ഒരു രാജ്യവും എതിർത്തില്ല. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന് അനുകൂലമായി പ്രസ്താവന നടത്തിയത് മൂന്ന് രാജ്യങ്ങൾ മാത്രമെന്നും മോദി ചൂണ്ടിക്കാട്ടി.

ആദ്യ സർജിക്കൽ സ്ട്രൈക്കിൽ ഭീകരരെ അയക്കുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. ബാലാകോട്ട് ആക്രമണത്തിൽ പരിശീലന കേന്ദ്രങ്ങൾ തകർക്കാനാണ് തീരുമാനിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഭീകരരുടെ സിരാകേന്ദ്രങ്ങൾ ആണ് തകർത്തത്. ഭീകരകേന്ദ്രങ്ങൾ ആകും തകർക്കുക എന്നത് ആദ്യമേ പ്രഖ്യാപിച്ചതാണ്. ഇന്ത്യൻ സേന ആദ്യ രാത്രി തന്നെ നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു. പാകിസ്ഥാൻ സേനയോട് ഇക്കാര്യം വ്യക്തമായി പറഞ്ഞതാണ്. ലോകത്തോട് പറഞ്ഞത് ഇന്ത്യ പാലിച്ചു. എന്നാൽ പാകിസ്ഥാൻ നാണമില്ലാതെ ഭീകരവാദികളുടെ പക്ഷം പിടിച്ചു.

നീന്തൽ കുളത്തിൽ കിടക്കുമ്പോഴാണ് ഇന്ത്യ ആക്രമണം നടത്തിയത് അറിഞ്ഞതെന്ന് പാകിസ്ഥാൻ നേതാക്കൾ പറഞ്ഞു. പാകിസ്ഥാൻ പ്രതീക്ഷിക്കാത്ത അടി കിട്ടിയപ്പോഴാണ് വെടിനിറുത്തലിന് ഇങ്ങോട്ട് താണപേക്ഷിച്ചത്. ലോകത്തെ ഒരു നേതാവും ഇന്ത്യയുടെ സൈനിക നീക്കം നിറുത്താൻ ആവശ്യപ്പെട്ടില്ല. ജെഡി വാൻസ് തന്നെ വിളിച്ചപ്പോൾ ആദ്യം എടുക്കാൻ കഴിഞ്ഞില്ല. പിന്നീട് തിരിച്ചു വിളിച്ചാണ് സംസാരിച്ചത്. പാകിസ്ഥാൻ വലിയ ആക്രമണം നടത്താൻ പോകുന്നു എന്നാണ് ജെഡി വാൻസ് അറിയിച്ചത്. പാകിസ്ഥാൻ വലിയ ആക്രമണം നടത്തിയാൽ അതിനെക്കാൾ വലിയ തിരിച്ചടി നല്കും എന്നാണ് വാൻസിനെ അറിയിച്ചത്. ഇന്ത്യയുടെ തിരിച്ചടി എന്തായിരിക്കും എന്ന് പാകിസ്ഥാന് മനസ്സിലായി. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. പാകിസ്ഥാൻ എന്തെങ്കിലും ദുസ്സാഹസം കാണിച്ചാൽ കടുത്ത മറുപടി തന്നെ നല്കും. കോൺഗ്രസ് വിഷയങ്ങൾക്ക് പാകിസ്ഥാനെ ആശ്രയിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

പാകിസ്ഥാന്റെ വിഷയങ്ങൾ കോൺഗ്രസിന് ഇറക്കുമതി ചെയ്യേണ്ടി വരുന്നു. സേനകളുടെ മനോവീര്യം തകർക്കാനും ജനങ്ങൾക്കിടയിൽ അവിശ്വാസം പരത്താനും ശ്രമം നടത്തുന്നു. പാകിസ്ഥാന്റെ ഈ തന്ത്രത്തിന്റെ പ്രചാരകരായി കോൺഗ്രസ് മാറിയിരിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് കഴിഞ്ഞ ഉടൻ കോൺഗ്രസ് തെളിവു ചോദിച്ചു തുടങ്ങിയിരുന്നു. പിന്നീട് സർജിക്കൽ സ്ട്രൈക്ക് തങ്ങളും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ പിടിയിലായപ്പോൾ മോദി പെട്ടെന്ന് പലരും അടക്കം പറഞ്ഞു. രാജ്യത്തിന്റെ ശക്തി കൊണ്ട് അഭിനന്ദൻ വർധമാനെ തിരിച്ചു കൊണ്ടു വരാനായി. ഓപ്പറേഷൻ സിന്ദൂറിനിടയിൽ പാകിസ്ഥാനിൽ അകപ്പെട്ട ബിഎസ്എഫ് ജവാനെയും ഒരു പരിക്കുമില്ലാതെ തിരിച്ചെത്തിച്ച കാര്യവും മോദി ഓർമിപ്പിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'