പ്രതിസന്ധിയിലും അവസരങ്ങളുണ്ടാകും; പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് തന്നെ ശക്തിപ്പെടുത്തുന്നതായും പ്രധാനമന്ത്രി

By Web TeamFirst Published Jul 6, 2019, 1:10 PM IST
Highlights

"ചിലർ പറയുന്നത് അഞ്ച് ട്രില്ല്യണ്‍ ഡോളറ്‍ എക്കോണമി എന്ന ലക്ഷ്യത്തിലേക്ക് എത്താൻ നമുക്ക് കഴിയില്ലെന്നാണ്. അവര്‍ ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണ്. കുറച്ച് വൈകിയാലും ആ ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ട്."

ദില്ലി: പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുകള്‍ തന്‍റെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിസന്ധികളിലും അവസരങ്ങള്‍ കണ്ടെത്താനാകും. ഇന്ത്യക്ക് അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക്  എത്താന്‍ കഴിയില്ലെന്ന് പറയുന്നവര്‍ രാജ്യത്തിന്‍റെ കഴിവിനെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബജറ്റിന് ശേഷം എല്ലാവരും ചര്‍ച്ച ചെയ്യുന്നത് അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്‍വ്യവസ്ഥയെക്കുറിച്ചാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം എന്താണീ അഞ്ച് ട്രില്ല്യണ്‍ ഡോളറ്‍ എക്കോണമി എന്ന് ബിജെപി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. അത് മറ്റുള്ളവരെ അറിയിക്കുകയും വേണം. ചിലർ പറയുന്നത് ഈ ലക്ഷ്യത്തിലേക്ക് എത്താൻ നമുക്ക് കഴിയില്ലെന്നാണ്. അവര്‍ ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണ്. കുറച്ച് വൈകിയാലും ആ ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. വരാണസിയില്‍ ബിജെപിയുടെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.

പാവപ്പെട്ടവൻ ധനികനാകുന്നതാണ് പുതിയ ഇന്ത്യ. പഴയ ഇന്ത്യ നടക്കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഓടുകയാണ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതാണ് ഇത്തവണത്തെ ബജറ്റ്. കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കും. കർഷകർക്ക് വേണ്ടി കയറ്റുമതി വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും വലിയ നേട്ടമാണ് ബജറ്റിലെ നിർദ്ദേശങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വെള്ളത്തിന്റെ ദുരുപയോഗം തടഞ്ഞ് വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് രാജ്യം മാറണം. വെള്ളം പാഴാക്കാതെയുള്ള കൃഷിരീതിയിലേക്ക് മാറാന്‍ നമുക്ക് കഴിയണം. സുന്ദര ഭാരതമാകുമ്പോൾ ഒരുപാട് വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തും. വലിയ തൊഴിൽ സാധ്യതകൾ അതിലൂടെ ഉണ്ടാകും. ഹോംസ്റ്റേകളാണ് ഇന്നത്തെ പ്രധാന ആകർഷണം. കാശിയിൽ ഹോംസ്റ്റേകൾക്കായി ഒരുപാട് പേർ വരും. അടിസ്ഥാന സൗകര്യ വികസനം സമ്പദ്‍വ്യവസ്ഥയില്‍ പ്രധാനമാണെന്നും മോദി പറഞ്ഞു. 

click me!