രാഹുലിന് പകരം ഊര്‍ജസ്വലനായ യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണം: അമരീന്ദര്‍ സിംഗ്

By Web TeamFirst Published Jul 6, 2019, 11:39 AM IST
Highlights

''രാജ്യത്തെ യുവത്വത്തെ പ്രതിനിധീകരിക്കുന്ന താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കാന്‍ സാധിക്കുന്ന ഒരു യുവനേതാവിനെ തന്നെ രാഹുലിന് പകരക്കാരനായി കൊണ്ടു വരാന്‍ പ്രവര്‍ത്തകസമിതി ശ്രമിക്കണം''

ദില്ലി: രാഹുല്‍ ഗാന്ധിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ഒരു യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും രാഹുലിന് പകരമായി ഊര്‍ജ്ജസ്വലനായ ഒരു നേതാവ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

രാഹുലിന് പകരമായി വരുന്നത് ഊര്‍ജസ്വലനായ ഒരു നേതാവായിരിക്കണം. രാജ്യത്തെ മുഴുവന്‍ യുവത്വത്തേയും പ്രതിനിധീകരിക്കാനും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കി മുന്നോട്ട് കൊണ്ടു പോകാനും അടുത്ത അധ്യക്ഷന് സാധിക്കണം. അങ്ങനെയൊരാളെ തന്നെ രാഹുലിന് പകരക്കാരനായി കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ശ്രമിക്കണമെന്നും അമരീന്ദര്‍ സിംഗ് പറയുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ചേര്‍ന്ന ആദ്യ പ്രവര്‍ത്തകസമിതി യോഗത്തില്‍ തന്നെ രാഹുല്‍ ഗാന്ധി തന്‍റെ രാജി തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ അധ്യക്ഷസ്ഥാനത്ത് തുടരണം എന്നാവശ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹം തന്നെ അധ്യക്ഷനായി തുടരും എന്നാണ് പുറത്ത് പ്രതികരിച്ചത്. 

എന്നാല്‍ രണ്ട് ദിവസം മുന്‍പ് തീര്‍ത്തും നാടകീയമായി രാഹുല്‍ ഗാന്ധി തന്‍റെ രാജിക്കത്ത് പരസ്യപ്പെടുത്തിയതോടെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമായി. പാര്‍ട്ടിക്കുള്ളില്‍ അടിമുടി അഴിച്ചു പണിയുണ്ടാവും എന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 

നിലവിലെ അധ്യക്ഷന്‍ രാജിവച്ച സ്ഥിതിക്ക് പ്രവര്‍ത്തകസമിതിയിലെ മുതിര്‍ന്ന അംഗത്തിനായിരിക്കും അധ്യക്ഷന്‍റെ താല്‍കാലിക ചുമതല എന്നാണ് നേതാക്കള്‍ പറയുന്നത്. മോത്തിലാല്‍ വോറയാണ് പ്രവര്‍ത്തക സമിതിയിലെ പ്രായം കൂടിയ അംഗം. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ ഗുലാം നബി ആസാദാണ് പദവിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ്. സീനിയര്‍ നേതാവ് എന്ന വിശേഷണത്തിലൂടെ ഇവരില്‍ ആരെയാണ് ഉദ്ദേശിച്ചത് എന്ന കാര്യം വ്യക്തമല്ല. 
 

click me!