
ചെന്നൈ: 'മകളെ പ്രസവിച്ചത് ജയിലിലാണ്, അവളെ വളര്‍ത്താനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടില്ല. വിവാഹം നടത്തിക്കൊടുക്കാനുള്ള അവകാരം നിഷേധിക്കരുത്'-- 27 വർഷമായി ജയിലിൽ കഴിയുന്ന, രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍റെ കോടതിയിലെ വാദങ്ങള്‍ ഇങ്ങനെയായിരുന്നു. പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ വാദിക്കാന്‍ നളിനി നേരിട്ടെത്തി. മദ്രാസ് ഹൈക്കോടതി നളിനിക്ക് നേരത്തെ ഇതിന് അനുമതി നല്‍കിയിരുന്നു. ഒടുവിൽ ഒരു മാസത്തെ പരോൾ നളിനിക്ക് അനുവദിച്ചു കിട്ടി.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.
കേസില്‍ പിടിയിലാകുന്ന സമയത്ത് ഗര്‍ഭിണിയായിരുന്ന നളിനിക്ക് ജയിലില്‍ വച്ചാണ് കുഞ്ഞ് ജനിച്ചത്. മകള്‍ ഡോക്ടര്‍ അരിത്ര ലണ്ടനിലാണ് താമസം. ഇതേ കേസില്‍ ഭര്‍ത്താവ് മുരുകനും ജയിലിലാണ്. അരിത്രയുടെ വിവാഹത്തിനായി ആറുമാസമാണ് നളിനി പരോള്‍ ആവശ്യപ്പെട്ടത്.
27 കൊല്ലത്തിനിടെ 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്ന് കോടതി അനുവദിച്ചതോടെയാണ് മൂന്ന് കൊല്ലത്തിന് ശേഷം നളിനി പുറംലോകം കാണുന്നത്.
ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍, 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയില്‍ സൂപ്രണ്ടിന് നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കരുതല്‍ നടപടിയായി മദ്രാസ് ഹൈക്കോടതിയുടെ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. അറസ്റ്റിലായത് മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, എം നിർമൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നളിനിയുടെ ആവശ്യം അംഗീകരിച്ചത്. നളിനിയുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991മേയ് 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇയുടെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ 16പേർക്ക് ജീവൻ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.
റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടു. 2000ത്തിൽ സോണിയാ ഗാന്ധിയുടെ അപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ സുപ്രീംകോടതി അവരുടെ ശിക്ഷയും ജീവപര്യന്തമാക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam