
റാഞ്ചി: ഝാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കേന്ദ്രമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും നിയമം എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ നിഷേധിച്ച മോദി ഏത് സംസ്ഥാനത്തിലായാലും ഇത്തരം സംഭവങ്ങളെ ഒരുമിച്ച് നിന്ന് നേരിട്ടാല്‍ മാത്രമെ ഇവ തടയാന്‍ സാധിക്കുകയുള്ളൂ എന്നും മോദി പറഞ്ഞു.
ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
ഝാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സാരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രെസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ഝാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.
സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോള്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam