
മുംബൈ: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശം അത്യന്തം അസംബന്ധവും ലജ്ജാകരവുമാണെന്ന് ശരദ് പവാർ പറഞ്ഞു. പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്ന ഒരാൾക്ക് യോജിക്കാത്ത പരാമർശമാണ് മോദി നടത്തിയതെന്നും പവാർ കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധിയുടെ മരണം അത്യന്തം വേദനാജനകമായ ഒന്നാണ്. രണ്ട് പ്രധാനമന്ത്രിമാരെ രാജ്യത്തിനു വേണ്ടി സമർപ്പിച്ച കുടുംബമാണത്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ദാരുണമായാണ് കൊല്ലപ്പെട്ടത്. വിലമതിക്കാനാകാത്ത സംഭാവനകളാണ് അവർ ഇരുവരും നാടിന് വേണ്ടി നൽകിയിട്ടുള്ളതെന്നും മഹാരാഷ്ട്രയിലെ സതാറയിൽ കർമവീർ ഭാവുറാവു പാട്ടീൽ അനുസ്മരണ യോഗത്തിൽ പവാർ പറഞ്ഞു.
ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെ ഒന്നാം നമ്പർ അഴിമതിക്കാരൻ എന്ന് വിളിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. പ്രധാനമന്ത്രിപദത്തെ തരംതാഴ്ത്തുന്ന വിധമുള്ള മോദിയുടെ വാക്കുകൾ രാഷ്ട്രീയഭാവിക്ക് ഭീഷണിയാണെന്നും പവാർ പറഞ്ഞു. രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam