
ജയ്പൂര്‍: രാജസ്ഥാനിലെ മംഗഡിൽ ഒരുമിച്ച് വേദി പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും. 1913-ൽ രാജസ്ഥാനിലെ മംഗഡിൽ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത ഗോത്രവർഗക്കാരെ സ്മരിക്കുന്ന ചടങ്ങായ 'മംഗാർ ധാം കി ഗൗരവ് ഗാഥ' യിലാണ് പ്രധാനമന്ത്രിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഒന്നിച്ച് എത്തിയത്. അശോക് ഗെഹ്‌ലോട്ടിനൊപ്പം മധ്യപ്രദേശ്, ഗുജറാത്ത് മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ഭൂപേന്ദ്ര പട്ടേൽ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
1913-ൽ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത 1,500 ഓളം ഗോത്രവർഗക്കാരുടെ സ്മാരകമായ ധാം ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലുള്ള വലിയ ഗോത്രവർഗ്ഗ ജനസംഖ്യയുള്ള പ്രദേശമായ ബൻസ്വാര ജില്ല ജില്ലയിലാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ 1913-ൽ മംഗഡിൽ ആദിവാസികളുടെ സമ്മേളനത്തിന് നേതൃത്വം നൽകിയത് സാമൂഹിക പരിഷ്കർത്താവായ ഗോവിന്ദ് ഗുരുവായിരുന്നു. ഇതിനെതിരായ ബ്രിട്ടീഷ് അതിക്രമത്തിലാണ് 1,500 ഓളം ആദിവാസികള്‍ രക്തസാക്ഷികളായത്.
സ്വാതന്ത്ര്യാനന്തരം എഴുതപ്പെട്ട ചരിത്രത്തിൽ ആദിവാസി സമൂഹത്തിന്റെ പോരാട്ടത്തിനും ത്യാഗത്തിനും അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആ തെറ്റ് ഇന്ന് രാജ്യം തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. താന്‍
മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിമാരിൽ ഏറ്റവും സീനിയറായിരുന്നു ഗെഹ്‌ലോട്ടെന്നും ഇപ്പോഴും വേദിയില്‍ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിയാണ് അദ്ദേഹമെന്ന് മോദി പറഞ്ഞു. ഞാനും അശോക് ഗെലോട്ടും മുഖ്യമന്ത്രിമാരായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു.
അതേ സമയം മോദിക്ക് ലോകത്ത് ബഹുമാനം ലഭിക്കുന്നത് ജനാധിപത്യത്തിന്റെ വേരുകൾ ശക്തമായിരിക്കുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രിയായതുകൊണ്ടാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു. 'മോദി വിദേശത്തേക്ക് പോകുമ്പോൾ അദ്ദേഹത്തിന് വളരെയധികം ബഹുമാനമാണ് ലഭിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്, അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത് ഗാന്ധിയുടെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ വേരുകൾ ആഴത്തിലുള്ളതും 70 വർഷത്തിന് ശേഷവും ജനാധിപത്യം സജീവവുമാണ് ഇന്ത്യയില്‍ ആളുകൾ ഇത് അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു” ഗെലോട്ട് പറഞ്ഞു.
1913-ൽ പഞ്ചാബിലെ ജാലിയൻവാലാബാഗിൽ നടന്ന ഗോത്രവർഗക്കാരുടെ കൂട്ടക്കൊലയെക്കാൾ ഭയാനകമായിരുന്നു മംഗഡിൽ നടന്ന കൂട്ടക്കൊലയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. രക്തസാക്ഷികളെ ആരാധിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി മോദി ഒരിക്കൽ കൂടി കാണിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. നവംബർ 15 ന് രാജ്യം മുഴുവൻ ‘ജനജാതി ഗൗരവ് ദിവസ്’ ആഘോഷിക്കാൻ തീരുമാനിച്ചത് പ്രധാനമന്ത്രി മോദിയാണെന്ന് ചൗഹാൻ പറഞ്ഞു.
പ്രധാനമന്ത്രി മോര്‍ബിയില്‍; തൂക്ക് പാലം തകര്‍ന്ന പ്രദേശം സന്ദര്‍ശിച്ചു, പരിക്കേറ്റവരെയും കണ്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam