
അഹമ്മദാബാദ്: മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് ഗുജറാത്ത് സർക്കാരിനെതിരെ ഗുരുതര ആരോപണം. പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ഒറീവ കമ്പനി മാനേജ്മെന്റിനെ സർക്കാർ സംരക്ഷിക്കുകയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാലം തകർന്നതിനു പിന്നാലെ കമ്പനി അധികൃതർ ഒളിവിലാണ്. നിലവിൽ കമ്പനിയുടെ ഫാം ഹൗസിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ പോലുമില്ല. പാലം എട്ട് മുതൽ പത്ത് വർഷം വരെ ഉറപ്പോടെ നിൽക്കുമെന്നാണ് ഒറീവ മാനേജിംഗ് ഡയറക്ടർ ജയ്സുഖ്ഭായി പട്ടേൽ അവകാശപ്പെട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
മോർബി മുനിസിപ്പൽ കോർപ്പറേഷനുമായും ഒറെവയുടെ മാതൃ കമ്പനിയായ അജന്ത മാനുഫാക്‌ചറിംഗ് ലിമിറ്റഡുമായും പട്ടേൽ കരാർ ഒപ്പിട്ടിരുന്നു. ഒറീവയിലെ ഇടത്തരം ഉദ്യോഗസ്ഥർ, ടിക്കറ്റ് വിൽപ്പനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിങ്ങനെ ഒമ്പത് പേരെ പാലം തകർന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ പ്രകാരം ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ബലിയാടുകളാക്കി സർക്കാർ കമ്പനി മാനേജ്മെന്റിനെ രക്ഷപ്പെടുത്തുകയാണെന്നാണ് പ്രതിപക്ഷവും നാട്ടുകാരും ആരോപിക്കുന്നത്. മോര്‍ബി ദുരന്തത്തില്‍ പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കൊല്‍ക്കത്തയിലെ മേല്‍പാലം തകര്‍ന്നപ്പോള്‍ മമത ബാനര്‍ജിക്കെതിരെ മോദി നടത്തിയ പരിഹാസം തിരിച്ചുയര്‍ത്തിയാണ് പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുന്നത്. സര്‍ക്കാരിന്‍റെ അനാസ്ഥ പുറത്ത് കൊണ്ടുവരാന്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ കേബിളുകൾ തന്നെ നിർമ്മാണത്തിന് ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, മോർബിയിൽ തൂക്ക് പാലം തകര്‍ന്ന പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. മച്ചു നദിക്ക് മുകളില്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലും മോദി സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന്‍റെ അവസാന ദിനമാണ് ഇന്ന്.
Read Also: 'പുൽവാമ ഭീകരാക്രമണം ആഘോഷമാക്കി'; 22കാരന് അഞ്ച് വർഷം തടവ് ശിക്ഷ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam