
ദില്ലി: ദില്ലി കലാപത്തിന്റെ ഭീകരത വ്യക്തമാക്കാൻ ഈ ഒരേയൊരു ചിത്രം മാത്രം മതിയായിരുന്നു. ആയുധങ്ങളും കുറുവടികളുമേന്തി ചുറ്റും നിൽക്കുന്ന അക്രമകാരികൾക്കിടയിൽ ചോരയിൽ കുളിച്ച്, തറയിൽ തല താഴ്ത്തിക്കിടക്കുന്ന ഒരു മനുഷ്യരൂപം. മുഹമ്മദ് സുബൈർ എന്ന ഈ മനുഷ്യൻ നേരിട്ട ക്രൂരതയാണ് ദില്ലി കലാപത്തിനെക്കുറിച്ചുള്ള ഏകദേശ ചിത്രം പുറംലോകത്തിന് ലഭിക്കാൻ കാരണമായത്.
തിങ്കളാഴ്ച രാവിലെ ദുഅ നമസ്‌കാരം കഴിഞ്ഞ് കുട്ടികള്‍ക്ക് പലഹാരവും വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു സുബൈര്‍. ഇതിനിടെയാണ് ഒരു സംഘമാളുകള്‍ ഇദ്ദേഹത്തെ തടഞ്ഞു നിര്‍ത്തിയതും ഇരുമ്പു ദണ്ഡുകളും കുറുവടികളുമുൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ട് വളഞ്ഞിട്ട് മര്‍ദ്ദിച്ചതും. ”ഞാന്‍ അവശനായി വീഴുന്നതു വരെ അവരെന്നെ മര്‍ദ്ദിച്ചു. ഞാന്‍ അവരോട് യാചിച്ചപ്പോള്‍ അവര്‍ കൂടുതല്‍ ക്രൂരമായി എന്നെ മര്‍ദ്ദിച്ചു. അവര്‍ വംശീയ ഭാഷ ഉപയോഗിക്കുകയും വളരെ മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു. ഇടയ്ക്ക് കപില്‍ മശ്രയുടെ പേര് പറയുന്നതു കേട്ടു. എനിക്കധികമൊന്നും ഓര്‍മ്മയില്ല. എന്റെ കുട്ടികള്‍ സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ പ്രത്യാശിച്ചു. എനിക്കെന്റെ ഫോട്ടോകളിലേക്ക് നോക്കാനേ പറ്റുന്നില്ല. എന്റെ കാലുകള്‍ വേദന കൊണ്ട് വിറയ്ക്കുന്നു,” സുബൈര്‍ പറഞ്ഞതായി ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോധം മറയുന്നത് വരെ അക്രമി സംഘം സുബൈറിനെ മർദ്ദിച്ചു. അവസാനം അബോധാവസ്ഥയിലാണ് അദ്ദേഹത്തെ അവർ ഉപേക്ഷിച്ച് പോയത്. തലയ്ക്കും കഴുത്തിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജിടിബി ഹോസ്പിറ്റലിലേക്കാണ് സുബൈറിനെ കൊണ്ടുപോയത്. ഡിസ്ചാർജ്ജ് ആയതിന് ശേഷം മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ് സുബൈർ ഇപ്പോഴുള്ളത്.
തൊഴിലാളിയായ സുബൈറിന് ആറ് വയസ്സിൽ താഴെയുള്ള രണ്ട് പെൺകുഞ്ഞുങ്ങളും ഒരു മകനുമാണുള്ളത്. കുടുംബത്തെ ഉത്തർപ്രദേശിലെ വീട്ടിലേക്ക് അയച്ചിരിക്കുകയാണെന്ന് സുബൈർ പറഞ്ഞു. ഭയത്തോടെയാണ് ഈ കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് സുബൈർ വ്യക്തമാക്കുന്നു. ആകെ രണ്ട് മുറികളുള്ള വീട്ടിൽ മുറി പൂട്ടി അകത്തിരിക്കുകയാണ് ഈ കുടുംബം. സുബൈറിനെ അക്രമിച്ചതില്‍ പൊലീസില്‍ പരാതി നല്‍കാന്‍ പറഞ്ഞപ്പോള്‍ സുബൈറിന്റെ ഇളയ സഹോദരന്റ തയ്യാറായില്ല. നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോൾ നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
കലാപം പൊട്ടിപ്പുറപ്പെട്ട ദില്ലിയിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സ്വകാര്യ സ്കൂളുകളും സർക്കാർ സ്കൂളുകളും അവധിയിലാണ്. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam