
മുംബൈ: മഹാരാഷ്ട്രയിലെ തർക്കങ്ങൾ പരിഹരിച്ച് ബിജെപിയും ശിവസേനയും ഒന്നിച്ച് സർക്കാരുണ്ടാക്കണമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ഒരുമിച്ച് നിന്നില്ലെങ്കിൽ ശിവസേനയ്ക്കും ബിജെപിക്കും ഒരു പോലെ നഷ്ടങ്ങളുണ്ടാക്കുമെന്ന് ഭാഗവത് പറഞ്ഞു. അതേസമയം ശിവസേനയുമായി സഹകരിക്കുന്ന കാര്യത്തിൽ നാളെ എൻസിപി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. മധ്യസ്ഥനായി നിതിൻ ഗഡ്കരിയെ നിർദ്ദേശിച്ചതടക്കം സേനാ ബിജെപി തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആർഎസ്എസ് നേരത്തെ നടത്തിയിരുന്നു. ഫഡ്നാവിസിനെ നാഗ്പൂരിലേക്ക് വിളിച്ച് വരുത്തി പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും ഇരു പക്ഷവും മുഖ്യമന്ത്രി പദത്തിൽ ഉടക്കി നിന്നു. ഇന്ന് മുന്നണി ബന്ധം പോലും ഇല്ല.
കോൺഗ്രസ് എൻസിപി പാർട്ടികൾക്ക് ഒപ്പം ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമവുമായി സേനാ മുന്നോട്ട് പോവുന്നതിനിടെയാണ് മോഹൻ ഭാഗവതിന്‍റെ പ്രതികരണം. സ്വാർഥതയ്ക്ക് വേണ്ടി പോരടിച്ചാൽ നഷ്ടങ്ങളുണ്ടാകുന്നത് ബിജെപിയ്ക്കും സേനയ്ക്കുമാണെന്ന് ഭാഗവത് പറഞ്ഞു. ബിജെപിക്കെതിരെ സേന മുഖപത്രത്തിലൂടെ ആഞ്ഞടിച്ച ദിനം കൂടിയാണ് ഭാഗവതിന്‍റെ ഇടപെടൽ. ഹിന്ദുത്വ ആശയത്തെ പലരും തൊടാൻ മടിച്ച കാലത്ത് ആദ്യമായി അതിന് ധൈര്യം കാണിച്ചത് സേനയാണെന്നായിരുന്നു സാമ്‍നയിലെ ലേഖനം. അക്കാലത്ത് ജനിച്ചിട്ട് പോലും ഇല്ലാത്തവരാണ് സേനയെ മുന്നണിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് ലേഖനത്തിൽ ബിജെപി നേതാക്കളെ വിമർശിച്ചു. എന്നാൽ സാമ്നയിലെ ലേഖനം സഖ്യ ചർച്ചകളുമായി മുന്നോട്ട് പോവുന്ന കോൺഗ്രസിനെയും വെട്ടിലാക്കി. സേന ഒരു ഹിന്ദുത്വ ശക്തിയാണെന്ന് പറഞ്ഞായിരുന്നു ഹൈക്കമാൻഡിനെ മുതിർന്ന നേതാക്കൾ തുടക്കത്തിൽ സഖ്യത്തെ എതിർത്തത്. ശിവസേന തന്നെ അത് മേന്മയായി പ്രഖ്യാപിച്ചതോടെ ചർച്ചകളെയും അത് സാരമായി ബാധിച്ചേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam