Monkeypox : കുരങ്ങുപനി; ഇന്ത്യയിലും ജാഗ്രത, മാർഗനിർദേശം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

Published : May 26, 2022, 08:28 PM IST
Monkeypox : കുരങ്ങുപനി; ഇന്ത്യയിലും ജാഗ്രത, മാർഗനിർദേശം ഉടനെന്ന് ആരോഗ്യ മന്ത്രാലയം

Synopsis

യുഎഇയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ജാഗ്രത; നിലവിൽ 19 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു, 131 പോസിറ്റീവ് കേസുകൾ

ദില്ലി: ഗ‌ൾഫിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയും ജാഗ്രതയിലേക്ക്. നിലവിൽ രാജ്യത്ത് കേസുകൾ ഒന്നും ഇല്ലെങ്കിലും കുരങ്ങ് പനി അഥവാ മങ്കി പോക്സ് നേരിടാൻ ആരോഗ്യ മന്ത്രാലയം ഉടൻ മാർഗനിർദേശം പുറത്തിറക്കും. 19 രാജ്യങ്ങളിൽ ഇതിനോടകം കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ആകെ 131 പോസിറ്റീവ് കേസുകളാണുള്ളത്. 106 കേസുകളിൽ സ്ഥിരീകരണം ആയിട്ടില്ല.  പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് യുഎഇയിൽ കുരങ്ങ് പനി സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയും ജാഗ്രതാ നടപടികളിലേക്ക് കടക്കുന്നത്. യുഎഇയിൽ പ്രവാസികൾ ഏറെയുള്ളത് കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ മുൻകരുതൽ. 

എന്താണ് മങ്കിപോക്സ് അണുബാധ? 

കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാൾ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ.

അനന്തരം ദേഹമാകമാനം സ്മോൾ പോക്സ് വന്നാലെന്ന പോലെ കുരുക്കൾ ഉണ്ടാവുകയും ചെയ്യും. മുഖത്ത് പ്രത്യക്ഷപ്പെട്ട ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും ഇവ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.

 എങ്ങനെ പ്രതിരോധിക്കാം...

1. കുരങ്ങുകളുമായി അല്ലെങ്കിൽ മറ്റു വന്യ മൃഗങ്ങളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക

2. ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ നഖം തട്ടാനോ ഇടയായാൽ സോപ്പും വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക

3. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക

4. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക   

5. മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ