'മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തതെന്തിന്?' ചോദ്യത്തിന് പിന്നാലെ മർദ്ദനം, നഗരമധ്യത്തിൽ സദാചാര ആക്രമണം

By Web TeamFirst Published Sep 29, 2022, 9:11 PM IST
Highlights

ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെൺകുട്ടിയെയും ആക്രമിച്ചു

ബെംഗളൂരു: ബെംഗ്ലൂരു നഗരത്തിൽ വീണ്ടും സാദാചാര ആക്രമണം. ബെംഗ്ലൂരുവില്‍ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന  യുവതിയ്ക്കും യുവാവിനുമെതിരെ നാട്ടുകാരുടെ സദാചാര ആക്രമണമുണ്ടായത്. രണ്ട്  മതത്തിൽ പെട്ടവരാണെന്ന  കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരെ തടഞ്ഞു വച്ചത്. യുവാവിനെയാണ് ആദ്യം മർദ്ദിച്ചത്. മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെൺകുട്ടിയെയും ആക്രമിച്ചു.

ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. മുസ്ലീം മത വിഭാഗത്തിൽ പെട്ട പെൺകുട്ടി ഇതര മതസ്ഥനായ  യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതാണ് സദാചാര വാദികളെ  ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്ലാംപൂർ സ്വദേശികളായ ആക്രമി സംഘം ആദ്യം യുവതിയോട് മാതാപിതാക്കളുടെ ഫോൺ നമ്പർ ചോദിച്ചു. നൽകാതിരുന്നതോടെ ഭീഷണിയും പിന്നീട് മർദ്ദനവും നടത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിർത്തി സംഘം ഉപദ്രവിക്കുന്നതിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ദൊഡ്ഡബല്ലാപുരയിലാണ് സംഭവം നടന്നത്.

സംഭവങ്ങളെല്ലാം അക്രമി സംഘത്തിലെ ചിലർ തന്നെയാണ് മൊബൈലിൽ പകർത്തിയത്. ഇവർ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. പെൺകുട്ടിയുടെ പരാതിയിൽ ദൊഡ്ഡബല്ലാപൂർ നഗർ പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പോത്തൻകോട് സദാചാര ആക്രമണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്, പൊലീസിന്റെ വീഴ്ചയും അന്വേഷിക്കും

അതേസമയം നേരത്തെ തിരുവനന്തപുരം പോത്തൻകോടും സദാചാര ആക്രമണമുണ്ടായിരുന്നു. പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികൾക്ക് നേരെയാണ് കഴിഞ്ഞ ആഴ്ച സദാചാര ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്നതടക്കം അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ചാകും ഇക്കാര്യമടക്കം അന്വേഷിക്കുക. പെൺകുട്ടികളുടെ പരാതിക്കൊപ്പമാകും ജില്ലാ ക്രൈം ബ്രാഞ്ച്, കേസ് ആദ്യം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്നതും അന്വേഷിക്കുക. ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരം റൂറൽ എസ്‍പി നേരത്തെ ഉത്തരവിറക്കിയിരുന്നു. വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ അക്രമികൾ തടഞ്ഞുവച്ച് കമ്പ് കൊണ്ട് അടിക്കുകയായിരുന്നു.

കോളേജ് പിള്ളേരോടാ കളി, കൺസഷനില്ലാത്തതിന് ഇറക്കിവിട്ടു, അതും ലൈസൻസ് പോലുമില്ലാത്ത കണ്ടക്ടർ, ഒടുവിൽ പണി പോയി

click me!