മണിപ്പൂരിൽ സംഘർഷം നേരിടാൻ കൂടുതൽ നടപടി: ഒരു ജില്ലയിൽ ഒരു സേന നയം സ്വീകരിച്ച് സര്‍ക്കാര്‍

Published : Sep 28, 2023, 10:50 AM ISTUpdated : Sep 28, 2023, 11:18 AM IST
മണിപ്പൂരിൽ സംഘർഷം നേരിടാൻ കൂടുതൽ നടപടി: ഒരു ജില്ലയിൽ ഒരു സേന നയം സ്വീകരിച്ച് സര്‍ക്കാര്‍

Synopsis

ഒരു ജില്ലയില്‍ ഒരു സേന നയം നടപ്പിലാക്കാന്‍ മണിപ്പൂര്‍ സർക്കാർ. സേനകളുടെ ഏകോപനം കൃത്യമാകാനാണ് നടപടി. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയ്ക്ക് പുറമെ കരസേനയിലെ സൈനികരും മണിപ്പൂരിലുണ്ട്.

ദില്ലി: മണിപ്പൂരിൽ സംഘർഷം നേരിടാൻ കൂടുതൽ നടപടിയുമായി മണിപ്പൂർ സർക്കാർ. ഓരോ ജില്ലയിലും ക്രമസമാധാനം പാലിക്കാൻ ഓരോ സേനയെ വിന്യസിക്കും. സേനകളുടെ ഏകോപനം കൃത്യമാകാനാണ് നടപടി. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയ്ക്ക് പുറമെ കരസേനയിലെ സൈനികരും മണിപ്പൂരിലുണ്ട്. ഇന്നലെ മണിപ്പൂരിനെ പ്രശ്നബാധിതയിടമായി മണിപ്പൂർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ മെയ്തെയ് - കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷത്തില്‍ അയവ് വരാത്തതിനെ തുടർന്നായിരുന്നു നടപടി. 

മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസവും ഇംഫാലില്‍ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ മണിപ്പൂരിൽ ഇന്‍റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നത് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെയ് വിഭാഗക്കാരായ ഹിജാം ലിന്തോയ്ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകിയിരുന്നു.

Also Read: അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; തട്ടിയത് 5 ലക്ഷം

ജൂലൈ 6 ന് വിദ്യാര്‍ത്ഥികളെ കാണാതായതിന് പിന്നാലെ കുടുംബാംഗങ്ങൾ പരാതി നല്‍കിയിരുന്നു. അവരെ സുരക്ഷിതമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.  പിന്നാലെയാണ് കുട്ടികളുടെ മൃതദേഹത്തിന്‍റെ ചിത്രം പ്രചരിച്ചത്. സ്ഥിതി ശാന്തമെന്ന സർക്കാർ വാദത്തിന് കടകവിരുദ്ധമാണ് പുതുതായി പുറത്ത് വന്ന കാഴ്ചകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. നുണ പറഞ്ഞ് രാജ്യം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ ഉപേക്ഷിച്ചിരിക്കുകയാണെന്നും പുതിയ ദൃശ്യങ്ങൾ ഇനിയും പുറത്ത് വരുമെന്ന് ഭയന്നാണ് വീണ്ടും ഇന്‍റർനെറ്റ് റദ്ദാക്കിയിരിക്കുന്നതെന്നും ജയറാം രമേശ്  ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു