Asianet News MalayalamAsianet News Malayalam

അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; തട്ടിയത് 5 ലക്ഷം

നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഖിൽ സജീവ് പണം വാങ്ങിയതെന്നും അഡ്വക്കേറ്റ് ശ്രീകാന്ത് വിശദമാക്കി. 

More allegations against Akhil Sajeev money was also taken in the name of Chief Ministers department sts
Author
First Published Sep 28, 2023, 10:17 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു കീഴിലുളള നോര്‍ക്ക റൂട്ട്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് പണം തട്ടിയെന്ന പരാതിയുമായി അഭിഭാഷകന്‍. സിപിഎം നേതാവാണെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. ഒടുവില്‍ പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ ഇടപെട്ടാണ് പണം തിരികെ നല്‍കിയതെന്നും അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. 

ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കി നടന്ന തട്ടിപ്പിനെക്കുറിച്ച് മലപ്പുറം സ്വദേശി ഹരിദാസ് നടത്തിയ തുറന്നു പറച്ചിലിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശിയും കൊച്ചിയില്‍ അഭിഭാഷകനുമായ ശ്രീകാന്ത് അഖില്‍ സജീവിന്‍റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത് . തന്‍റെ ഭാര്യയ്ക്ക് നോര്‍ക്ക് റൂട്ട്‍സില്‍ ജോലി വാങ്ങി നല്‍കാമെന്ന പറഞ്ഞാണ് ജിക്കു ജേക്കബ് എന്ന വ്യക്തി തന്നെ സമീപിച്ചത്. ഇയാളാണ് അഖില്‍ സജീവിനെ പരിചയപ്പെടുത്തിയത്. ജോലിക്കായി പത്ത് ലക്ഷം രൂപയായിരുന്നു കോഴയായി ചോദിച്ചത്. ജയകുമാര്‍ വളളിത്തോട് എന്ന പ്രാദേശിക നേതാവും കൂടെ ഉണ്ടായിരുന്നു. 

അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടും പറഞ്ഞ സമയത്ത് ജോലി കിട്ടാതെ വന്നതോടെ താന്‍ പരാതി ഉന്നയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നോര്‍ക്കയിലെ ജോലി തല്‍ക്കാലം നടക്കില്ലെന്നും പാലാരിവട്ടത്ത് സ്പൈസസ് ബോര്‍ഡില്‍ താല്‍ക്കാലിക ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇതും നടക്കാതെ വന്നതോടെയാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെും സിഐടിയു ജില്ലാ പ്രസിഡണ്ടിനെയും വിവരം അറിയിച്ചതെന്നും ഇയാള്‍ പറയുന്നു.

തുടര്‍ന്ന് പല ഗഡുക്കളായി പണം തിരികെ നല്‍കി. അഖില്‍ സജീവ് ആത്മഹത്യ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് താന്‍ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇയാള്‍ പറയുന്നു. തട്ടിപ്പ് കൈയോടെ പിടികൂടിയിട്ടും അഖില്‍ സജീവിനെതിരെ സിപിഎം പൊലീസില്‍ പരാതി നല്‍കുകയോ ശക്തമായ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. സിഐടയു ചിമതലില്‍ നിന്ന് മാറിയെങ്കിലും ഇയാള്‍ പാര്‍ട്ടി നേതാക്കളുമായി ബന്ധം തുടരുകയും തട്ടിപ്പുകള്‍ ആവര്‍ത്തിക്കുകയും ചയ്തു എന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

''2019 മുതൽ തുടർന്ന് വരുന്ന തട്ടിപ്പാണിത്. 2019 ൽ ഞാൻ കോഴിക്കോട് പ്രാക്ടീസ് ചെയ്യുകയാണ്. എന്റെ കൂടെയുണ്ടായിരുന്ന ഒരു അഡ്വക്കേറ്റ് മുഖേനയാണ് ഈ കാര്യം വന്നത്. അന്ന് നോർക്ക റൂട്ട്സിൽ ജോലി ഒഴിവുണ്ട്. 10 ലക്ഷം തന്നാൽ ജോലി തരാം എന്നാണ് എന്നെ സമീപിച്ചത്. ആദ്യം എന്നെ സമീപിച്ചത് പാർട്ടിയുടെ അനുഭാവി ആയിരുന്ന ജിക്കു ജേക്കബ് എന്നയാളാണ്. അയാളാണ് അഖിൽ സജീവിന്റെ കോണ്ടാക്റ്റ് നമ്പർ തന്നത്. അഖിൽ സജീവിനെ പരിചയപ്പെടുത്തുന്നത്. സിഐടിയുവിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മന്ത്രിമാരുമായി അടുപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുപ്പമുണ്ട്. വാങ്ങുന്ന പൈസ മുഴുവൻ എനിക്ക് വേണ്ടിയല്ല, ഈ ഉദ്യോ​ഗസ്ഥർക്കും മന്ത്രിമാരുടെ ആൾക്കാർക്കും കൊടുക്കാൻ വേണ്ടിയാണ്. എന്ന് പറഞ്ഞാണ് എന്നോട് 5 ലക്ഷം വാങ്ങിയത്. വാങ്ങി 2 കൊല്ലം കഴിഞ്ഞിട്ടും ജോലി ശരിയാകാത്തത് കൊണ്ടാണ് ഞാൻ അന്വേഷിച്ചു അങ്ങോട്ട് വരുമെന്ന് പറഞ്ഞത്. അപ്പോള്‍ പത്തനംതിട്ടയിൽ അഖിൽ സജീവിന്റെ കെയറോഫിൽ റൂമടക്കം ബുക്ക് ചെയ്ത് തന്നു. അവിടെ അഖിൽ സജീവ്, ജിക്കു ജേക്കബ്, ജയകുമാര്‍ വള്ളിത്തോട് എന്ന നേതാവ് എന്നിങ്ങനെ മൂന്ന് പേർ ഉണ്ടായിരുന്നു. സംസാരിച്ചപ്പോള്‍  അന്ന് തത്ക്കാലം നിങ്ങൾക്ക് സ്പൈസസ് ബോർഡില് ടെംപററി അപ്പോയ്മെന്റ് ഉണ്ട് അവിടെ തരാം എന്ന് പറഞ്ഞ് അതിന്റെ പേരിൽ തിരികെ പോരുകയാണുണ്ടായത്. അതും നടപ്പാക്കാതെ വന്നപ്പോഴാണ് ഞാൻ പാർട്ടിയുമായി ബന്ധപ്പെടുകയും പാർട്ടിക്കാർ അഖിലിലെ വിളിച്ച് സംസാരിക്കുകയും അഖിൽ സജീവ് ഇങ്ങനെയൊരു പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പത്തനെതിട്ട ജില്ലാ സെക്രട്ടറിയുടെയും സിഐടിയു ജില്ലാ പ്രസിഡന്റിനെയും വിളിച്ച് പറഞ്ഞത് പ്രകാരം അഖിലെന്നെ വിളിക്കുകയും ചെയ്തു. എന്റെ മാനം നഷ്ടപ്പെട്ടു, സ്ഥാനം നഷ്ടപ്പെട്ടു, അവരെന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അത് നിങ്ങള് കാരണമാണ് എന്നൊക്കെ പറഞ്ഞു. പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞ് മെയിലാണ് പണം തന്നു തീർക്കുന്നത്. അഖിൽ എന്നെ വൈകാരികമായി ഭീഷണിപ്പെടുത്തി. ഇനി എന്തെങ്കിലും ചെയ്താൽ ഞാനും എന്റെ ഭാര്യയും കുട്ടിയും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതിനാൽ ഞാൻ പിന്നെ പൊലീസ് നടപടികളിലേക്കൊന്നും പോയില്ല.'' അഡ്വക്കേറ്റ് ശ്രീകാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'അന്വേഷണത്തിനുമുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യമന്ത്രിയുടെ നടപടി ദുരൂഹം,പോലീസ് അന്വേഷണം പ്രഹസനമാകും'

Follow Us:
Download App:
  • android
  • ios