മയക്കുമരുന്ന് കേസിൽ കോണ്‍ഗ്രസ് എംഎൽഎ അറസ്റ്റിൽ; വാറണ്ട് എവിടെയെന്ന് ഫേസ് ബുക്ക് ലൈവിൽ പൊലീസിനോട് എംഎൽഎ

Published : Sep 28, 2023, 09:45 AM ISTUpdated : Sep 28, 2023, 09:59 AM IST
മയക്കുമരുന്ന് കേസിൽ കോണ്‍ഗ്രസ് എംഎൽഎ അറസ്റ്റിൽ; വാറണ്ട് എവിടെയെന്ന് ഫേസ് ബുക്ക് ലൈവിൽ പൊലീസിനോട് എംഎൽഎ

Synopsis

അറസ്റ്റ് എട്ട് വര്‍ഷം മുന്‍പുള്ള കേസില്‍. കേസ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയതാണെന്ന് എംഎല്‍എ

ചണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാൽ സിംഗ് ഖൈറ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ഛണ്ഡിഗഡിലെ വസതിയില്‍ നടത്തിയ റെയ്ഡിനെ പിന്നാലെയായിരുന്നു അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം 8 വര്‍ഷം മുന്‍പ് രജിസ്റ്റർ ചെയ്ത  കേസിലാണ് അറസ്റ്റ്. ഖൈറയുടെ സെക്ടർ 5 വസതിയിൽ ജലാലാബാദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്ന് രാവിലെയാണ് റെയ്ഡ് നടത്തിയത്.

റെയ്ഡിന്‍റെ ദൃശ്യങ്ങള്‍ എംഎല്‍എയുടെ ഫേസ് ബുക്ക് പേജില്‍ ലൈവായി പങ്കുവെച്ചിരുന്നു. അതില്‍ പൊലീസുമായി എംഎല്‍എ തര്‍ക്കിക്കുന്നത് കാണാം. പൊലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റ് ചെയ്യാനുള്ള കാരണം ചോദിക്കുന്നതും ദൃശ്യത്തിലുണ്ട്. പഴയ എൻ‌ഡി‌പി‌എസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്പി അചുരാം ശര്‍മ എംഎല്‍എയോട് പറഞ്ഞു. എന്നാല്‍ കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎല്‍എ മറുപടി നല്‍കി. ലഹരിക്കടത്ത് സംബന്ധിച്ച് എംഎല്‍എക്കെതിരെ തെളിവ് ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് എംഎല്‍എയുടെ ആരോപണം. എം‌എൽ‌എയുടെയും കുടുംബത്തിന്റെയും എതിര്‍പ്പിനിടയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ് സുഖ്ദീപ് സിംഗ് ഖൈറ.അറസ്റ്റിനെ അപലപിച്ച് ശിരോമണി അകാലിദൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് വിമര്‍ശിച്ചു. ഭഗവന്ത് മന്നിന്റെയും ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിന്റെയും കടുത്ത വിമർശകനായ ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും ശിരോമണി അകാലിദള്‍ സമൂഹ മാധ്യമമായ എക്സില്‍ വ്യക്തമാക്കി. 

പഞ്ചാബില്‍ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയ്‌ക്കിടയിലാണ് അറസ്റ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി 13 സീറ്റുകളിലും മത്സരിക്കുമെന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായത്. തൊട്ടുപിന്നാലെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്