മാനസികസമ്മർദ്ദം, ഭക്തി​ഗാനങ്ങൾ, മാവോ സെതൂങ്ങ്; ജയലളിതയുടെ അവസാനദിനങ്ങളിങ്ങനെ, പുതിയ വെളിപ്പെടുത്തലുകൾ

Published : Oct 20, 2022, 06:59 PM ISTUpdated : Oct 20, 2022, 07:02 PM IST
  മാനസികസമ്മർദ്ദം, ഭക്തി​ഗാനങ്ങൾ, മാവോ സെതൂങ്ങ്; ജയലളിതയുടെ അവസാനദിനങ്ങളിങ്ങനെ, പുതിയ വെളിപ്പെടുത്തലുകൾ

Synopsis

"2016 മുതൽ അക്കയ്ക്ക് [ജയലളിത] ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകളും ചൊറിച്ചിലും സോറിയാസിസും വരാൻ തുടങ്ങി. അക്ക തന്റെ ദൈനംദിന സർക്കാർ ജോലികൾ വളരെ പ്രയാസത്തോടെ ചെയ്തുകൊണ്ടിരുന്നു. അവർ [ഡോക്ടർമാർ] ചെറിയ അളവിൽ സ്റ്റിറോയിഡുകൾ നൽകാൻ തീരുമാനിച്ചു......."

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോർട്ട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ജയലളിതയുടെ അവസാനദിവസങ്ങളെക്കുറിച്ച് റിപ്പോർട്ടിലുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മാവോ സെ തൂങ്ങിനെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ഡോക്ടറുമായി ജയലളിത നടത്തിയ സംഭാഷണവും 2016ൽ നടന്ന സംഭവങ്ങളെക്കുറിച്ച്  സഹായി ശശികല പറയുന്നതുമെല്ലാം  റിപ്പോർട്ടിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസത്തിൽ ദുരൂഹത ആരോപിക്കുന്നതിനാലും ജയലളിതയുടെ മരണത്തെക്കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിക്കുന്നതിനാലും ഈ പറയുന്ന കാര്യങ്ങൾക്ക് ഏറെ  പ്രാധാന്യമുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 
 
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിത 75 ദിവസത്തെ ചികിത്സയ്ക്ക് ശേഷം 2016 ഡിസംബർ 5 നാണ് അന്തരിച്ചത്. വിദഗ്‌ധർ നിർദേശിച്ചിട്ടും ചികിത്സയ്‌ക്ക്‌ വിദേശത്തേക്ക്‌ കൊണ്ടുപോകാത്തത്‌ ഉൾപ്പെടെയുള്ള വീഴ്ചകൾ ജസ്റ്റിസ്‌ അറുമുഖസ്വാമി കമ്മിഷൻ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ജയലളിതയുടെ ഹൃദയത്തിൽ സുഷിരമുണ്ടായിരുന്നു, എയിംസിലെ വിദഗ്ധരും യുകെയിൽ നിന്നുള്ള ഡോ റിച്ചാർഡ് ബീലും വിദേശത്ത് ആൻജിയോഗ്രാമും ചികിത്സയും ശുപാർശ ചെയ്തിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. 

'ശശി, എനിക്ക് തലകറങ്ങുന്നു'

ജയലളിതയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അടുത്ത അനുയായി വി കെ ശശികല ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനിൽ സമർപ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയിൽ മുൻ മുഖ്യമന്ത്രിയെ "അക്ക" എന്നാണ് പരാമർശിക്കുന്നത്.  അനധികൃത സ്വത്ത് സമ്പാദന കേസിൽ  ശിക്ഷ വിധിച്ചത് ജയലളിതയ്ക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും 2016 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിരവധി അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്തു എന്ന് ശശികല പറയുന്നു. എഐഎഡിഎംകെ ആ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള സംഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
 
2016 മുതൽ അക്കയ്ക്ക് [ജയലളിത] ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകളും ചൊറിച്ചിലും സോറിയാസിസും വരാൻ തുടങ്ങി. അക്ക തന്റെ ദൈനംദിന സർക്കാർ ജോലികൾ വളരെ പ്രയാസത്തോടെ ചെയ്തുകൊണ്ടിരുന്നു. അവർ [ഡോക്ടർമാർ] ചെറിയ അളവിൽ സ്റ്റിറോയിഡുകൾ നൽകാൻ തീരുമാനിച്ചു. ത്വക്ക് പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിച്ചു.ഡോക്ടർമാർ പടിപടിയായി സ്റ്റിറോയിഡ് അളവ് കുറച്ചു," ശശികല തന്റെ പ്രസ്താവനയിൽ പറയുന്നു. 2016 സെപ്‌റ്റംബർ 21-ന്‌ ഒരു ഔദ്യോഗിക പരിപാടിക്ക്‌ ശേഷം ജയലളിതയ്ക്ക്‌ കടുത്ത പനി വന്ന്‌ തന്റെ വസതിയിലേക്ക്‌ മടങ്ങിയതെങ്ങനെയെന്ന്‌ ശശികല വിവരിക്കുന്നുണ്ട്. പിറ്റേന്ന്‌, അവർ തളർന്നുകിടക്കുന്നത്‌ കണ്ട്‌ ആശുപത്രിയിൽ പോകാൻ ശശികല ജയലളിതയോട്‌ ഉപദേശിച്ചു. എന്നാൽ ജയലളിത അത് വിസമ്മതിച്ചെന്നും ശശികല പറയുന്നു.

ശശി എനിക്ക് തലകറങ്ങുന്നതായി തോന്നുന്നു, ഇങ്ങോട്ട് വാ എന്ന് എന്നെ വിളിച്ചു. ഞാൻ ഉടനെ ബാത്റൂമിൽ പോയി അക്കയെ കൂട്ടി കട്ടിലിൽ ഇരുത്തി. അപ്പോൾ പെട്ടെന്ന് തളർന്ന അവസ്ഥയിൽ അക്ക എന്റെ തോളിൽ ചാരി. ശശികല പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. 

Read Also: 'ജയലളിതയുടെ മരണത്തിൽ ദുരൂഹത, ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം'; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്
 
ഭക്തി​ഗാനങ്ങൾ, ദൈവങ്ങൾ, ചെടികൾ 

75 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ, ജയലളിത ഭക്തിഗാനങ്ങൾ ആസ്വദിച്ചു.  തന്റെ ഇഷ്ടദേവതകളുടെയും  ചെടികളുടെയും ചിത്രങ്ങൾ ജയലളിത കിടക്കുന്നതിന് സമീപം വച്ചിരുന്നു. ആശുപത്രിയിലായ ആദ്യ ദിവസങ്ങളിൽ കാവേരി നദീജല തർക്കം ഉൾപ്പടെയുള്ള കാര്യങ്ങളിൽ  സർക്കാർ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും യോഗങ്ങൾ നടത്തുകയും ചെയ്തു.  ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി ഗാർഡുകളോട് പറയുകയും ചെയ്തു.
 
മാവോയും നേതൃപാടവവും 
 
തന്നെ ചികിത്സിക്കുന്ന ഡോക്ടറോട് ‘പ്രൈവറ്റ് ലൈഫ് ഓഫ് ചെയർമാൻ മാവോ’ എന്ന പുസ്തകം വായിക്കാൻ ജയലളിത ഉപദേശിച്ചു. അത് നേതൃഗുണം പഠിപ്പിക്കുമെന്ന് അവർ ഡോക്ടറോട് പറയുകയും അത് വായിക്കാൻ ഉപദേശിക്കുകയുമായിരുന്നു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനായ മാവോ സെ തൂങ്ങിന്റെ  പുസ്തകം ചൈനയിൽ നിരോധിച്ചിരിക്കുന്നതാണ്. 

അടുത്ത മാസങ്ങളിൽ ജയലളിതയ്ക്ക് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിനെത്തുടർന്ന് അവർ ട്രാക്കിയോസ്റ്റമിക്ക് വിധേയയായി. 10 ദിവസത്തെ നടപടിക്രമത്തിന് ശേഷം, ഫുഡ് ട്യൂബ് കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ നീക്കം ചെയ്യാൻ അവർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു. അപ്പോളോ ആശുപത്രിയിലെ അടുക്കളയിൽ നിന്ന് ചെറിയ അളവിൽ ഇഡ്ഡലി, പൊങ്കൽ, വട തുടങ്ങിയ സാധനങ്ങൾ അക്കയുടെ ആഗ്രഹപ്രകാരം മെഡിക്കൽ മേൽനോട്ടത്തിൽ നൽകിയെന്ന് ശശികല പറയുന്നു.
 
ജയലളിതയുടെ അവസാന നിമിഷങ്ങൾ
 
"ഡോക്‌ടർമാരിലൊരാൾ എന്നോട്  ചെവിയോട് ചേർന്ന് അക്ക എന്ന് ഉച്ചത്തിൽ വിളിക്കാൻ പറഞ്ഞു, ഞാൻ അലറിവിളിക്കാൻ തുടങ്ങി.  എന്നെ രണ്ടുതവണ അക്ക നോക്കി. പിന്നെ അക്ക കണ്ണുകളടച്ചു. അക്കയ്ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു, എന്നോട് ഉടൻ പുറത്തിറങ്ങാൻ പറഞ്ഞു. അസഹനീയമായ ഉത്കണ്ഠയിൽ ഞാൻ നിലവിളിച്ചു, ബോധരഹിതയായി,” ശശികല റിപ്പോർട്ടിൽ ജയലളിതയുടെ അവസാന നിമിഷങ്ങൾ വിവരിക്കുന്നു.  
 
അന്ന് ജയലളിതയ്ക്ക് സമീപം ഭക്ഷണ ട്രോളി കൊണ്ടുപോകാൻ ശശികല ശ്രമിച്ചപ്പോൾ ജയലളിതയ്ക്ക് വിറയൽ അനുഭവപ്പെട്ടിരുന്നു. അക്കയുടെ നാവ് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു, അക്ക പല്ലിറുമ്മിക്കൊണ്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞു. ‘അക്കാ, അക്കാ’ എന്ന് ഞാൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൾ എന്നെ നോക്കി ഇരുകൈകളും എനിക്ക് നേരെ ഉയർത്തി. അലറിവിളിച്ചപ്പോൾ ഞാൻ ചാടി അക്കയെ പിടിച്ചു. എന്നെ നോക്കി അക്ക കട്ടിലിൽ ചാരിയിരുന്നു. ഡോക്‌ടർമാരും നഴ്‌സുമാരും തിടുക്കപ്പെട്ട് ചികിൽസ നൽകാൻ തുടങ്ങി,” ശശികല പറയുന്നതായി റിപ്പോർട്ടിലുണ്ട്. 

2016 ഡിസംബർ 5ന് രാത്രി 11.30നാണ് ജയലളിത അന്തരിച്ചത്.

Read Also: 'ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല, അന്വേഷണം നേരിടാൻ തയ്യാർ' കുറ്റാരോപണം നിഷേധിച്ച് ശശികല
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി