രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ആശുപത്രിയിൽ വീണ്ടും ശിശുമരണം, മരണസംഖ്യ 12

By Web TeamFirst Published Dec 12, 2020, 11:50 AM IST
Highlights

സംസ്ഥാനസർക്കാരിന് കീഴിലുള്ള കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയിലാണ് 12 കുട്ടികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ഇതേ ആശുപത്രിയിൽ കഴിഞ്ഞ വർഷവും നവജാതശിശുക്കൾ മരിച്ചത് വലിയ വാർത്തയാവുകയും അന്വേഷണം പ്രഖ്യാപിക്കപ്പെടുകയും ചെയ്തതാണ്.

ജയ്‍പൂർ: മണിക്കൂറുകളുടെ ഇടവേളയിൽ വീണ്ടും രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ ശിശുമരണം. രണ്ട് നവജാതശിശുക്കൾ കൂടി ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇവിടെ മരിച്ചത് 9 കുട്ടികളാണ്. 

ഇതേ ആശുപത്രിയിൽ കഴിഞ്ഞ വർഷവും നവജാതശിശുക്കൾ മരിച്ചത് വലിയ വാർത്തയാവുകയും അന്വേഷണം പ്രഖ്യാപിക്കപ്പെടുകയും ചെയ്തതാണ്. വീണ്ടും ഇത്തരം ശിശുമരണങ്ങൾ ആവർത്തിക്കുന്നത് ദേശീയ തലത്തിൽത്തന്നെ ഞെട്ടലുളവാക്കുകയാണ്. 

ബുധനാഴ്ച രാത്രിയോടെ അഞ്ച് കുട്ടികളും, വ്യാഴാഴ്ച രാത്രിയോടെ നാല് കുട്ടികൾ കൂടിയും മരിച്ചതോടെയാണ് വീണ്ടും ജെകെ ലോൺ ആശുപത്രി ദേശീയശ്രദ്ധയിലെത്തിയത്. മരിച്ച എല്ലാ കുട്ടികളും ഒന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. ഇതിന് പിന്നാലെ, വെള്ളിയാഴ്ച രാത്രിയോടെ രണ്ട് കുട്ടികൾ കൂടി മരിച്ചതോടെ, രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാൽ എല്ലാ ശിശുമരണങ്ങളും സ്വാഭാവികമരണങ്ങൾ മാത്രമായിരുന്നെന്നും, അണുബാധയടക്കം യാതൊരു തരത്തിലുള്ള അസ്വാഭാവികതയും സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെടുന്നത്. ജെ കെ ലോൺ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾത്തന്നെ മൂന്ന് കുട്ടികൾ മരിച്ചിരുന്നുവെന്നാണ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മിക്ക കുട്ടികളും മരിച്ചത് ജന്മനാ ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് (congenital malformations). മറ്റുള്ളവയെല്ലാം പൊടുന്നനെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളാണ്. എന്നാൽ അസ്വാഭാവികതയില്ല എന്നും ആശുപത്രി അവകാശപ്പെടുന്നു, 

ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ കോട്ട ഡിവിഷണൽ കമ്മീഷണർ കെ സി മീണയും ജില്ലാ കളക്ടർ ഉജ്ജ്വൽ റാത്തോഡും, ആശുപത്രി സന്ദർശിക്കുകയും യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

click me!