ധർമസ്ഥല കേസിൽ ട്വിസ്റ്റ്: ചിന്നയ്യ ഹാജരാക്കിയ തലയോട്ടി ആരുടേത്? കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Aug 25, 2025, 10:47 AM IST
Dharmasthala

Synopsis

തലയോട്ടിയിൽ ഉണ്ടായിരുന്ന മണ്ണ് ധർമസ്ഥലയിലേതല്ല എന്നാണ് നിലവിലെ കണ്ടെത്തൽ

ബം​ഗളൂരു: ധർമസ്ഥല കേസിൽ വൻ ട്വിസ്റ്റ് വന്നതോടെ മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച ദുരൂഹതകൾ ഏറുകയാണ്. തലയോട്ടി ആരുടേതാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. തലയോട്ടിയിൽ ഉണ്ടായിരുന്ന മണ്ണ് ധർമസ്ഥലയിലേതല്ല എന്നാണ് നിലവിലെ കണ്ടെത്തൽ. ഫോറൻസിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്.

ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ധർമസ്ഥല കേസിൽ വൻ ട്വിസ്റ്റിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. തൻ്റെ മൊഴികൾക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഈ തലയോട്ടി ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാൽ, ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ധർമസ്ഥല വെളിപ്പെടുത്തൽ സംബന്ധിച്ച ആസൂത്രണം നടന്നത് 2023ൽ ആണെന്ന് ചിന്നയ്യ പറയുന്നു. ഒരു സംഘം തന്നെ സമീപിക്കുകയായിരുന്നെന്നും 2 ലക്ഷം രൂപ നൽകിയെന്നുമാണ് ചിന്നയ്യ വെളിപ്പെടുത്തിയിരിക്കുന്നത്. പബ്ലിസിറ്റി ആഗ്രഹിച്ചാണ് കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക വെല്ലുവിളിയുണ്ടെന്നും പറഞ്ഞ് ഇയാളുടെ ഭാര്യ രം​ഗത്തുവന്നിരുന്നു.

അതേസമയം, യൂട്യൂബർ സമീറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ധർമസ്ഥലയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ അഞ്ചര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സമീറിന്റെ ശബ്ദസാമ്പിൾ ശേഖരിച്ച് എസ്ഐടി പരിശോധനക്ക് അയച്ചി‌ട്ടുണ്ട്.

ധർമസ്ഥല ഗൂഢാലോചന എൻഐഎ അന്വേഷിക്കുന്നതിനെ കോൺഗ്രസ്‌ മന്ത്രി സതീഷ് ജർകിഹോളി സ്വാ​ഗതം ചെയ്തു. കർണാടകത്തിലെ ജനങ്ങളെ ദിവസങ്ങളോളം ടിവിക്കും മൊബൈലിനും മുന്നിൽ തളച്ചിട്ടതാണ് ഈ വെളിപ്പെടുത്തലുകൾ. ഇതിന് പിന്നിൽ ആരാണെന്ന് പുറത്തുവരണം. അതുകൊണ്ടുതന്നെ എൻഐഎ അന്വേഷിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന