
ദില്ലി: ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ അതിർത്തി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. ചണ്ഡീഗഡിൽ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. വിവാഹം, ആഘോഷപരിപാടികൾ എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. ചണ്ഡീഗഡിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും 7 മണിക്ക് അടയ്ക്കാനും നിർദേശം നൽകി.
പഞ്ചാബിലെ ഫരീദ്കോട്ടിലും പടക്കം നിരോധിച്ച് ഉത്തരവിറക്കി. മൊഹാലിയിൽ എല്ലാ സ്ഥാപനങ്ങളും കടകളും രാത്രി എട്ടുമണിക്കകം അടക്കണമെന്നാണ് നിർദ്ദേശം. വഴിയോരങ്ങളിലെ പരസ്യ ബോർഡുകളെ ലൈറ്റുകളും അടയ്ക്കണം. എമർജൻസി അലർട്ട് ഉണ്ടായാൽ പൂർണ്ണ ബ്ലാക്ക് ഔട്ടിലേക്ക് പോകണം. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
ഗുജറാത്ത് കച്ച് മേഖലയിൽ ഡ്രോണുകളും പടക്കങ്ങളും നിരോധിച്ചു. മെയ് 15 വരെയാണ് നിരോധനം. ഗുജറാത്ത് ബോർഡർ പൊലീസാണ് ഉത്തരവിട്ടത്.
ജമ്മു കാശ്മീരിലെ സ്കൂളുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചു. സംഘർഷ സാഹചര്യം വിശകലനം ചെയ്ത ശേഷം തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിൽ അന്തിമ തീരുമാനം എടുക്കും.
ഉത്തർപ്രദേശിലും ജാഗ്രത കർശനമാക്കി. റെയിൽവേ സ്റ്റേഷനുകളിലടക്കം പരിശോധന നടത്തി. കാൺപൂരിൽ ഡ്രോൺ നിരീക്ഷണവും തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam