
ദില്ലി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വ്യോമസേന മേധാവി നടത്തിയ വെളിപ്പെടുത്തൽ ആയുധമാക്കി കോൺഗ്രസ്. ഇന്ത്യക്ക് മേൽക്കൈ ഉണ്ടായിരിക്കെ ഓപ്പറേഷൻ സിന്ദൂർ എന്തിന് അവസാനിപ്പിച്ചെന്ന സംശയം ഉയർത്തുന്നതാണ് വ്യോമസേന മേധാവി അമർപ്രീത് സിങിന്റെ വെളിപ്പെടുത്തലെന്ന് കോൺഗ്രസ് ആരോപിച്ചു.
പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ ഉണ്ടായിരുന്നുവെന്നാണ് വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ. പിന്നെ ആരുടെ സമ്മർദ്ദം കാരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
‘കൂടുതൽ ഞെട്ടിക്കുന്നതാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. എവിടെ നിന്നാണ് ഇതിനുള്ള സമ്മർദ്ദമുണ്ടായതെന്നും’ ജയറാം രമേശ് ചോദിച്ചു.
അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൻ ഇടപെട്ടാണ് ഇന്ത്യാ പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന അവകാശവാദങ്ങൾ നേരത്തെ കോൺഗ്രസ് പാർലമെന്റിലടക്കം ഉയർത്തിയിരുന്നു. എന്നാൽ ട്രംപിന്റെ ഇടപെടലുണ്ടായിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചത്. എന്നാൽ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ വിഷയം കൂടുതൽ ചർച്ചയാകുകയാണ്.
ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് സൈനിക വിമാനങ്ങൾ ഇന്ത്യ തകർത്തുവെന്നായിരുന്നു വ്യോമസേന മേധാവി സ്ഥിരീകരിച്ചത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഭേദിക്കാൻ പാക് വിമാനങ്ങൾക്കായില്ലെന്നും എയർ ചീഫ് മാർഷൽ എപി സിംഗ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സേനയ്ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും എപി സിങ്ങ് വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലാണ് കോൺഗ്രസ് ആയുധമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam