
ബംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍റെ വിവാഹം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കൃഷ്ണപ്പയുടെ ബന്ധു രേവതിയെയാണ് കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമി വിവാഹം കഴിച്ചത്.
ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്തതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുമാരസ്വാമിയുടെ രമണനഗരയിലുള്ള ഫാംഹൗസില്‍ വച്ചായിരുന്നു വിവാഹം. മുന്‍ പ്രധാനമന്ത്രിയായ എച്ച്ഡി ദേവഗൗഡയുടെ കുടുംബത്തില്‍ നിന്ന് 50-60 പേരും രേവതിയുടെ കുടുംബത്തില്‍ നിന്ന് 30 പേരുമാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫാംഹൗസിലേക്ക് കുമാരസ്വാമി വിവാഹം മാറ്റിയത്. കൊവിഡ് പശ്ചാത്തലത്തിലുള്ള എല്ലാ നിര്‍ദേശങ്ങളും പാലിച്ചാകും വിവാഹമെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാല്‍, വിവാഹചടങ്ങ് സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുമെന്നും എന്തെങ്കിലും തരത്തിലുള്ള ലോക്ക്ഡൗണ്‍ ലംഘനമുണ്ടായാല്‍ നടപടിയെടുക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് വലിയ രീതിയില്‍ വിവാഹം നടത്താനായിരുന്നു കുമാരസ്വാമിയുടെ കുടുംബം പദ്ധതിയിട്ടിരുന്നത്. അഞ്ച് ലക്ഷത്തില്‍പരം ആളുകള്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നതും. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു.
നേരത്തെ, ലോക്ക് ഡൗണിനിടെ അധികമാരെയും ക്ഷണിക്കാനാകാത്തതില്‍ ക്ഷമ ചോദിച്ച് കുമാരസ്വാമി രംഗത്ത് വന്നിരുന്നു. '' ഒരുപാട് വേദനയോടെയും മാപ്പ് പറഞ്ഞും ഞാന്‍ ഒരിക്കല്‍കൂടി ആവശ്യപ്പെടുകയാണ് എനിക്ക് നിങ്ങളെയെല്ലാം ക്ഷണിക്കണമെന്നുണ്ടായിരുന്നു. ഒഴിച്ചുകൂടാനാകാത്ത ഈ സാഹചര്യത്തില്‍ എല്ലാം വീട്ടിനുള്ളിലേക്ക് ചുരുക്കേണ്ടി വന്നുവെന്ന് കുമാരസ്വാമി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam