മൈസൂരു കൂട്ടബലാത്സംഗം: 'പെൺകുട്ടിയും സുഹൃത്തുമാണ് കാരണക്കാർ' എന്ന് കർണാടക ആഭ്യന്തരമന്ത്രി, വിവാദം

By Web TeamFirst Published Aug 26, 2021, 4:38 PM IST
Highlights

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗം വൻ വിവാദമായിരിക്കെ, സംഭവത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര. മന്ത്രിയുടെ, 'ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?', 'രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം' എന്നീ പ്രസ്താവനകളാണ് വിവാദമായിരിക്കുന്നത്.

കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രിയായ എം അരഗ ജ്ഞാനേന്ദ്ര കുറ്റപ്പെടുത്തി. കോൺഗ്രസ് ആഭ്യന്തരമന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. 'പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു', 'ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാർ' എന്നും അദ്ദേഹം പറഞ്ഞു.

മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!