ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

By Web TeamFirst Published Jul 21, 2019, 11:44 AM IST
Highlights

രാജ്യത്ത് അടുത്ത കാലത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ആക്രമണങ്ങളില്‍ കൂടുതലും വ്യാദമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചത്

ദില്ലി: ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. രാജ്യത്ത് അടുത്ത കാലത്ത് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ആക്രമണങ്ങളില്‍ കൂടുതലും കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചത്. 

കഴിഞ്ഞ ദിവസം ബീഹാറില്‍ രണ്ട് ദളിത് യുവാക്കളെയും ഒരു മുസ്ലീം യുവാവിനെയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആള്‍ക്കൂട്ട ആക്രണമെന്ന വാദം നിഷേധിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

പ്രസ്താവന വിവാദമായതോടെ മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്ജേവാല രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ക്ക് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നുപോലും നഖ്വിക്ക് അറിയില്ലെന്ന് രണ്‍ദീപ് സുര്‍ജ്ജേവാല പ്രതികരിച്ചു. 'ബിജെപി ന്യൂനപക്ഷ വിഭാഗത്തെ അവഗണിക്കുകയാണ്. ആക്രമണങ്ങളിലെ പ്രതികളെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ന്യൂനപക്ഷത്തിനും ദളിത് വിഭാഗത്തിനും എതിരെയുണ്ടായ ആക്രമണങ്ങളില്‍ 43 ശതമാനം കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആള്‍ക്കൂട്ട ആക്രണങ്ങളും ഇതിലുള്‍പ്പെടുന്നു. 2016 നും 2019 നും ഇടയില്‍ ന്യൂനപക്ഷ വിഭാഗത്തിനും ദളിത് വിഭാഗത്തിനും എതിരെയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് 2008 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 869 കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ്. 

click me!