കൊടുംകുറ്റവാളി വികാസ് ദുബൈ ഉജ്ജയിനിൽ കൂട്ടാളികൾക്കൊപ്പം പിടിയിൽ

By Web TeamFirst Published Jul 9, 2020, 11:12 AM IST
Highlights

ഇന്ന് രാവിലെ എട്ട് മണിയോടെ മഹാകാൾ ക്ഷേത്രത്തിൽ ദ‍ർശനം നടത്തി പുറത്തേക്കിറങ്ങിയ ഇയാളെ ക്ഷേത്രപരിസരത്തെ ഒരു കടയുടമയാണ് തിരിച്ചറിഞ്ഞതെ

ലക്നൗ: എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്ത‍ർപ്രദേശിൽ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിൽ നിന്നും പിടികൂടി. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ മഹാകാൾ ക്ഷേത്രത്തിൽ ദ‍ർശനം നടത്തി പുറത്തേക്കിറങ്ങിയ ദുബെയെ ക്ഷേത്രപരിസരത്തെ ഒരു കടയുടമയാണ് തിരിച്ചറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം. 

മാധ്യമവാ‍ർത്തകളിലൂടെ കണ്ടു പരിചയമുള്ള ദുബെയെ തിരിച്ചറിഞ്ഞ കടയുടമ വിവരം സുരക്ഷാജീവനക്കാരെ അറിയിച്ചു. സുരക്ഷാജീവനക്കാർ ഇയാളെ തടഞ്ഞ് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഇയാൾ ഒരു വ്യാജതിരിച്ചറിയൽ കാ‍ർഡ് കാണിച്ചെങ്കിലും വിട്ടയക്കാൻ സുരക്ഷാജീവനക്കാ‍ർ തയ്യാറാവാതിരുന്നതോടെ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളേയും കൂട്ടാളികളായ രണ്ടു പേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

നിലവിൽ മധ്യപ്രദേശിലെ ഒരു രഹസ്യകേന്ദ്രത്തിലെത്തിച്ച് ദുബെയെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ദുബെ പിടിയിലായ വിവരം പുറത്തു വന്നതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനുമായി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് സംസാരിച്ചു. നടപടികൾ എത്രയും വേ​ഗം പൂ‍ർത്തിയാക്കി ദുബെയെ യുപി പൊലീസിന് കൈമാറാൻ മുഖ്യമന്ത്രിമാരുടെ ച‍ർച്ചയിൽ തീരുമാനമായിട്ടുണ്ട്. 

ഉജ്ജയിനിൽ വികാസ് ദുബെ പിടിയിലാവുന്ന അതേസമയത്ത് തന്നെ യുപിയിൽ വച്ച് ഇയാളുടെ അനുയായിയായ പ്രഹ്ളാദ് പൊലീസിൻ്റെ വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാവിലെ ഫരീദാബാദിലെ ഒരു ഹോട്ടലിൽ ദുബെയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ എത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. എന്നാൽ പ്രഹ്ളാദിനെ ഇവിടെ നിന്നും പൊലീസ് പിടികൂടി. 

ഇയാളുമായി കാൺപൂരിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇയാൾ പൊലീസുകാരുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും തുട‍ർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇയാളുടെ മറ്റൊരു അനുയായിയായ പ്രവീണിനെ ഇന്നലെ അ‍ർധരാത്രി നടന്ന ഏറ്റുമുട്ടലിൽ പൊലീസ് വകവരുത്തിയിരുന്നു. 

കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പീഡനം അടക്കം അറുപതോളം കേസുകളിൽ പ്രതിയായ ദുബെ യുപിയിലെ ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയനേതാക്കളുടെ പിന്തുണയിലാണ് പൊലീസിനെ വെല്ലുന്ന കൊടും കുറ്റവാളിയായി മാറിയത്. 

വ‍ർഷങ്ങളായി പൊലീസിനെ വെല്ലുവിളിച്ച് കാൺപൂ‍ർ കേന്ദ്രമായി പ്രവ‍ർത്തിച്ചു വരുന്ന ദുബെയെ പിടികൂടാനായി ഒരാഴ്ച മുൻപാണ് കാൺപൂ‍ർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളുടെ ​ഗ്രാമത്തിലെത്തിയത്. അ‍ർധരാത്രിയിൽ എത്തിയ പൊലീസിനെ തിരിച്ചറിഞ്ഞ ​ദുബെയും സംഘവും ഇവ‍ർക്ക് നേരെ വെടിവച്ചു.  ഈ ആക്രമണത്തിലാണ് എട്ട് പൊലീസുകാ‍ർ കൊല്ലപ്പെട്ടത്. 

സംഭവം ദേശീയതലത്തിൽ വിവാദമായതോടെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും എത്രയും പെട്ടെന്ന് ദുബെയെ പിടികൂടാൻ ഉത്തരവിടുകയും ചെയ്തു. പൊലീസുകാരുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ദുബെയ്ക്ക് വേണ്ടി മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് യുപി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അ‍ഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.  

click me!