ഭാര്യക്ക് താൽപര്യം കാമുകനോട്; കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി യുവാവ് കോടതിയിൽ, വാദം അം​ഗീകരിച്ച് കോടതി

Published : Feb 11, 2023, 06:25 PM IST
ഭാര്യക്ക് താൽപര്യം കാമുകനോട്; കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി യുവാവ് കോടതിയിൽ, വാദം അം​ഗീകരിച്ച് കോടതി

Synopsis

എല്ലാ ഞായറാഴ്ചകളിലും പ്രധാനപ്പെട്ട ദിനങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കുട്ടിയെ കാണാൻ യുവതിക്ക് അനുവാദം നൽകി.

ബെം​ഗളൂരു: ഭാര്യയിൽ നിന്ന് കുഞ്ഞിന്റെ സംരക്ഷണാവകാശം വിട്ടുകിട്ടണമെന്ന യുവാവിന്റെ അപേക്ഷ കോടതി അം​ഗീകരിച്ചു. പിതാവിന് സംരക്ഷണാവകാശം നൽകിയ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അം​ഗീകരിച്ചില്ല. യുവതിക്ക് മറ്റൊരാളുമായുള്ള ബന്ധമുണ്ടെന്നും കുഞ്ഞിനേക്കാൾ പ്രാധാന്യം ബന്ധത്തിനാണ് യുവതി നൽകുന്നതെന്നും യുവാവ് കോടതിയിൽ വാദിച്ചു. കുട്ടിയുമായി ഭർത്താവിന്റെ വീട് വിട്ട ശേഷം പുതിയ പങ്കാളിയുമായി ബംഗളൂരുവിലാണ് യുവതി താമസിക്കുന്നത്. കുഞ്ഞിനെ ചണ്ഡീഗഡിൽ മാതാപിതാക്കളോടൊപ്പം വിട്ട ശേഷമാണ് പുതിയ പങ്കാളിയുമൊത്ത് ബെം​ഗളൂരുവിൽ താമസം തുടങ്ങിയത്. യുവാവും യുവതിയും ഡോക്ടർമാരാണ്. ഇരുവരും നേരത്തെ വിവാഹ മോചിതരാണ്.  

മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. 2011 ൽ വിവാഹിതരായി. 2015ൽ പെൺകുഞ്ഞ് ജനിച്ചു. എന്നാൽ ബന്ധം വഷളായതിനെ തുടർന്ന്, 2018 ൽ യുവതി കുട്ടിയുമായി ഭർത്താവിന്റെ വീടുവിട്ടിറങ്ങി മറ്റൊരു യുവാവിനൊപ്പം താമസമാക്കി. ഭാര്യയുടെ ബന്ധം അറിഞ്ഞ ഭർത്താവ് കുട്ടിയുടെ സംരക്ഷണത്തിനായി നിയമനടപടി സ്വീകരിച്ചു. 

കാമുകനുമായുള്ള ബന്ധത്തിനിടയിൽ മോശമായ അന്തരീക്ഷത്തിൽ വളരുമെന്നും കുട്ടിയുടെ ക്ഷേമവും ഭാവിയും യുവതിയിൽ സുരക്ഷിതമല്ലെന്നും കുട്ടി സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തിലാണ് വളരേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം ഭർത്താവിന് കൈമാറാൻ 2022 മാർച്ച് 3 ന് കുടുംബ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലും യുവാവിന്റെ വാദം അം​ഗീകരിച്ചു. യുവതി കുട്ടിയോട് അപമര്യാദയായി പെരുമാറിയതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു.

യുവതി ഭർത്താവിനോട് അപമര്യാദയായി പെരുമാറുന്നത് പതിവായിരുന്നു. ഫാമിലി കൗൺസിലിങ്ങിനിടയിലും യുവതി മോശമായി പെരുമാറി. പൊതുസ്ഥലത്ത് പോലും ഭർത്താവിനോട് സ്ഥിരമായി വഴക്കിടാറുണ്ടെന്നും ഭർത്താവിനോട് ഒരിക്കലും സത്യസന്ധത പുലർത്തിയിരുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് അവരുടെ വിധിന്യായത്തിൽ പറഞ്ഞു.

എല്ലാ ഞായറാഴ്ചകളിലും പ്രധാനപ്പെട്ട ദിനങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കുട്ടിയെ കാണാൻ യുവതിക്ക് അനുവാദം നൽകി. യുവതിയും ഭർത്താവും തങ്ങൾ ചെയ്ത തെറ്റ് തിരിച്ചറിയുമെന്നും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ താൽപ്പര്യവും ക്ഷേമവും കണക്കിലെടുത്ത് ഒത്തുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. 

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം