'പ്രധാനമന്ത്രി മകൾക്ക് പുതുജീവിതം നൽകി, ക്ഷമിക്കാനുള്ള തീരുമാനം മഹത്തരം'; നന്ദിയറിയിച്ച് മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ

Published : Aug 02, 2026, 03:52 PM IST
Girl Against Modi

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയറിയിച്ച് മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ. മകളോട് ക്ഷമിക്കാനുള്ള തീരുമാനം മഹത്തരമാണെന്നും വീണ്ടും വീണ്ടും മാപ്പ് ചോദിക്കുകയാണെന്നും അമ്മ പറഞ്ഞു.

ദില്ലി: തൻ്റെ മകളോട് ക്ഷമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയറിയിച്ച് ജന്തർ മന്തർ പ്രതിഷേധത്തിനിടെ മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ. ഇത്രയധികം അധിക്ഷേപം നേരിട്ടിട്ടും ക്ഷമിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മഹത്തരമാണെന്നും പ്രധാനമന്ത്രി തൻ്റെ മകൾക്ക് പുതിയ ജീവിതം നൽകിയെന്നും മാതാവ് പറഞ്ഞു. തങ്ങൾക്ക് വളരെയധികം നാണക്കേടുണ്ടെന്നും വീണ്ടും വീണ്ടും മാപ്പ് ചോദിക്കുകയാണെന്നും അമ്മ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അവർ.

"പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല. തന്നെ ഇത്രയധികം അധിക്ഷേപിച്ച പെൺകുട്ടിയോട് ക്ഷമിച്ചുകൊണ്ട് അദ്ദേഹം വളരെ മഹത്തായ ഒരു കാര്യമാണ് ചെയ്തത്. കൂപ്പുകൈകളോടെ ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഇന്ന് എന്റെ മകളുടെ ജന്മദിനമാണ്, അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം മോദിയിൽ നിന്നാണ്. അദ്ദേഹം അവൾക്ക് ജീവിതം ദാനം നൽകി. എന്റെ മകൾക്ക് ഇന്ന് ഒരു പുതിയ ജീവിതം ലഭിച്ചിരിക്കുന്നു" - മാതാവ് പറഞ്ഞു.

മകളുടെ നല്ല ഭാവിക്കായി പ്രധാനമന്ത്രി അവളെ ദത്തെടുക്കണെമന്നും മാതാവ് അഭ്യർത്ഥിച്ചു. "മോദി ജി, ദയവായി ഈ പെൺകുട്ടിയെ ദത്തെടുത്ത് അവളുടെ ഭാവി ഉജ്ജ്വലമാക്കണമേ. ഞങ്ങൾ ലജ്ജിക്കുന്നു, വീണ്ടും വീണ്ടും മാപ്പ് ചോദിക്കുന്നു"- അവർ പറഞ്ഞു. മകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ പിൻവലിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. എഫ്ഐആറിൽ മകളുടെ പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവൾക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും അമ്മ പറഞ്ഞു.

തനിക്ക് ഇൻസ്റ്റാഗ്രാം ഇല്ലെന്ന് പറഞ്ഞ അമ്മ, വീഡിയോ വൈറലായതിന് ശേഷം തങ്ങളുടെ കുടുംബം കടുത്ത ഓൺലൈൻ അധിക്ഷേപങ്ങൾക്ക് ഇരയായതായും പറഞ്ഞു. തങ്ങളെപ്പോലുള്ള മാതാപിതാക്കൾ മരിക്കണമെന്നാണ് ആളുകൾ പറഞ്ഞത്. തനിക്ക് പറയാൻ വാക്കുകളില്ല. 10നും 20നും ഇടയിൽ പ്രായമുള്ള കുട്ടികൾ എളുപ്പത്തിൽ സ്വാധീനിക്കപ്പെടാറും ചൂഷണം ചെയ്യപ്പെടാറുമുണ്ട്. കുട്ടികളുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോഗം നിരോധിക്കണമെന്നും 18 വയസ്സിൽ താഴെയുള്ളവരെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് തടയണമെന്നും അമ്മ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. സംഭവത്തിൻ്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, തൻ്റെ പരാമർശത്തിൽ മാപ്പ് ചോദിച്ച് പെൺകുട്ടി രംഗത്തെത്തിയിരുന്നു. ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്ന് പെൺകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജസ്ഥാൻ അതിർത്തിയിൽ വൻ ലഹരി-ആയുധ വേട്ട, 50 കോടിയുടെ ഹെറോയിനും ആയുധങ്ങളും പിടികൂടി; ഒരാൾ കസ്റ്റഡിയിൽ
കുല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്‌ബ? ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍