
കോട്ട: മാതാപിതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം കാറിനുള്ളിൽ അകപ്പെട്ടു പോയ മൂന്ന് വയസുകാരി ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു ദാരുണമായ സംഭവം. കുട്ടി കാറിനുള്ളിലാണെന്ന് അറിയാതെ പുറത്തിറങ്ങി കാർ ലോക്ക് ചെയ്ത മറ്റ് കുടുംബാംഗങ്ങൾ രണ്ട് മണിക്കൂറിന് ശേഷം തിരികെ എത്തിയപ്പോഴാണ് കാറിനുള്ളിൽ ചലനമറ്റ നിലയിൽ മൂന്ന് വയസുകാരിയെ കണ്ടത്.
ഗൊർവിക നഗാർ എന്ന കുട്ടിയാണ് മരിച്ചത്. അമ്മയ്ക്കും അച്ഛനും മൂത്ത സഹോദരിക്കുമൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കാറിലെത്തിയതായിരുന്നു മൂന്ന് വയസുകാരി. വിവാഹ വേദിയ്ക്ക് അരികിലെത്തിയപ്പോൾ അമ്മയും ചേച്ചിയും കാറിൽ നിന്ന് ഇറങ്ങി. മൂന്ന് വയസുകാരി കാറിന്റെ പിൻ സീറ്റിൽ തന്നെ ഇരുന്നു. അച്ഛൻ കാർ പാർക്ക് ചെയ്യാൻ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. രണ്ട് മക്കളും അമ്മയോടൊപ്പം വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് ധരിച്ച അച്ഛൻ, പിൻ സീറ്റിലേക്ക് നോക്കാതെ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങി വാഹനം ലോക്ക് ചെയ്തു. അച്ഛനും വിവാഹ വേദിയിലേക്ക് പോയി. മകൾ അച്ഛനൊപ്പം ആയിരിക്കുമെന്ന് അമ്മയും കരുതി.
രണ്ട് മണിക്കൂറോളം ഇവർ വിവാഹ വേദിയിൽ മറ്റുള്ളവരോടൊപ്പം സമയം ചിലവഴിച്ചു. അതിന് ശേഷം പരസ്പരം കണ്ടപ്പോഴാണ് ഇളയ മകൾ എവിടെയെന്ന് അങ്ങോട്ടുമിങ്ങോട്ടും അന്വേഷിച്ചത്. രണ്ട് പേരുടെ കൂടെയും മകളില്ലെന്ന് മനസിലാക്കിയതോടെ പരിഭ്രാന്തരായ അവർ കുട്ടിയെ അന്വേഷിക്കാൻ തുടങ്ങി. അപ്പോഴാണ് കാറിൽ പോയി നോക്കിയത്.
പിൻ സീറ്റിൽ ബോധരഹിതയായി കണ്ട കുട്ടിയെ ഉടൻ തന്നെ എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മാതാപിതാക്കൾ പരാതി നൽകാൻ വിസമ്മതിച്ചതായും പോസ്റ്റ്മോർട്ടം വേണ്ടെന്ന് അവർ ആവശ്യപ്പെട്ടതായും പൊലീസ് പിന്നീട് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam